ദമ്മാം വെസ്‌കോസ മലയാളി അസോസിയേഷൻ സഹായം കൈമാറി

ദമ്മാം: കനിവ് ചാരിറ്റിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിക്ക് ആവശ്യമായ ഒന്നര ലക്ഷം രൂപയുടെ മൂന്ന് എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നൽകി. ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ഷഹീർഷാക്ക് ട്രോളി ബെഡുകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വെസ്‌കോസ മലയാളി അസോസിയേഷൻ അംഗങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മറ്റുള്ള പ്രവാസി സംഘടനകൾക്ക് ഇതൊരു പ്രചോദനമാകുമെന്നും കലക്ടർ പറഞ്ഞു.
എറണാകുളം ജില്ലാ ആശുപത്രിക്കു സഹായഹസ്തവുമായി എത്തിയ വെസ്‌കോസ മലയാളി അസോസിയേഷന്റെ പിന്തുണക്കു നന്ദി അറിയിച്ചുകൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷഹീർഷ സംസാരിച്ചു. ടോം തോമസ് (പ്രസിഡന്റ്, KSSIA, എറണാകുളം), അനീസ് എൻ.എ (എം.ഡി, മെറിനോ ഇലാസ്റ്റോമെർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്),റജീന (ഫാർമസിസ്റ്റ്, ജനറൽ ആശുപത്രി), സാദർ സുലൈമാൻ( എക്‌സിക്യൂട്ടീവ് മെമ്പർ, WMA), ശ്യാം കുമാർ (ട്രഷറർ, WMA), അനൂബ് ബഷീർ (മെമ്പർ, WMA) എന്നിവർ സംസാരിച്ചു. യാസർ അറാഫത്ത് (എക്‌സിക്യുട്ടിവ് മെമ്പർ WMA) സ്വാഗതവും ഗിരിഷ് കുമാർ (മുൻ ജനറൽ സെക്രട്ടറി, WMA) നന്ദിയും പറഞ്ഞു. ഹോസ്പിറ്റൽ പി.ആർ.ഒ ബിബി അവതാരക ആയിരുന്നു.
Adjust Story Font
16

