സുരക്ഷാ ഭീഷണി; ജിദ്ദയിലെ അൽ റുവൈസിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി
1,011 കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടിരുന്നു

ജിദ്ദ: ജിദ്ദയിലെ അൽ റുവൈസ് പരിസരത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി ആരംഭിച്ചു. സുരക്ഷാ ഭീഷണി ഉയരുന്നതിനൽ 1,011 കെട്ടിടങ്ങളിൽ നിന്ന് സേവനങ്ങൾ നീക്കം ചെയ്ത് പൊളിച്ചുമാറ്റാൻ ജിദ്ദാ മുനിസിപ്പാലിറ്റി ഉത്തരവിട്ടിരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി ആന്റ് ക്രൈസിസ് പുറപ്പെടുവിച്ച ആദ്യഘട്ട പൊളിക്കലിനുള്ള ഉത്തരവാണ് നടപ്പാക്കുന്നത്. എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നത്. ഉടമകൾക്ക് നിയമപ്രകാരം നിശ്ചയിച്ച ഗ്രേസ് പിരീഡും നൽകിയിരുന്നു.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് സേവനങ്ങൾ വിച്ഛേദിക്കലും നീക്കം ചെയ്യലും നടത്തുന്നത്. അൽ ഫൈസലിയ, അൽ റബ്‌വ, അൽ ഫറൂഖ് പരിസരപ്രദേശങ്ങളിൽ നടപ്പാക്കിയ 596 പഴയ കെട്ടിടങ്ങൾ നീക്കം ചെയ്ത മുൻ പദ്ധതികളുടെ തുടർച്ചയാണിത്. ജീവിത നിലവാരം ഉയർത്തി നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജിദ്ദയിലുടനീളം പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന കെട്ടിടങ്ങൾ മുനിസിപ്പാലിറ്റി നിരീക്ഷിക്കുകയും നിയമനടപടികൾ തുടരുകയും ചെയ്യുന്നുണ്ട്.
Adjust Story Font
16

