Quantcast

നാടുകടത്തിയ ഇന്ത്യക്കാരോട് മാന്യത കാണിച്ചില്ല, പെരുമാറിയത് ക്രിമിനലുകളോടെന്ന പോലെ: സൽമാൻ ഖുർഷിദ്

'അമേരിക്കയുമായി നല്ലബന്ധം പുലർത്തുന്ന ഇന്ത്യക്ക് ഇളവുകൾ നൽകാമായിരുന്നു'

MediaOne Logo

Web Desk

  • Published:

    9 Feb 2025 10:53 AM IST

Deported Indians were not treated with dignity by US, treated like criminals, says Salman Khurshid
X

റിയാദ്: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ മാന്യമായ രീതിയിൽ നാട്ടിലെത്തിക്കാമായിരുന്നെന്ന് മുൻ വിദേശകാര്യ മന്ത്രിയും ഇന്ത്യൻ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ പ്രസിഡന്റുമായ സൽമാൻ ഖുർഷിദ്. അമേരിക്കയുമായി നല്ലബന്ധം പുലർത്തുന്ന ഇന്ത്യക്ക് ഇളവുകൾ നൽകാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

സൗദിയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ മാന്യമായ രീതിയിൽ നാട്ടിലെത്തിക്കാമായിരുന്നുവെന്ന് റിയാദിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇത് അമേരിക്കയുടെ നയപരമായ തീരുമാനമാണ്. എങ്കിലും അമേരിക്കയുമായി നല്ലബന്ധം പുലർത്തുന്ന ഇന്ത്യക്ക് കുറച്ച് ഇളവുകൾ നൽകാമായിരുന്നു. അവർ കുറ്റവാളികളല്ല, നിയമലംഘനമാണ് നടത്തിയത്, അവരോട് ക്രിമിനലുകളെ പോലെയുള്ള സമീപനം ശെരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പൗരന്മാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമ്പോൾ മിലിറ്ററി വിമാനങ്ങൾ ഉപയോഗിക്കേണ്ടിയിരുന്നോ? അതൊരു തെറ്റായ സന്ദേശമാണ് നൽകുന്നത്. രണ്ടാമതായി, ചങ്ങലയിൽ ബന്ധിപ്പിച്ചാണ് അവരെ കൊണ്ട് വന്നത്. അവർ കുറ്റവാളികളല്ല, നിയമലംഘനം നടത്തിയവർ ആകാം, പക്ഷേ അവരോട് ക്രിമിനലുകളെ പോലെയുള്ള സമീപനം വേണ്ടിയിരുന്നില്ല. അവരിൽ ചിലർക്ക് അമേരിക്കയിൽ ഏതാനും കാലത്തേക്ക് തുടരാനും, തൊഴിൽ ചെയ്യാനുമുള്ള അനുമതിയുണ്ടായിരുന്നതാണ്' -ഖുർഷിദ് പറഞ്ഞു.



ഇസ്‌ലാമിക് കൾച്ചറൽ സെന്റർ റിയാദിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായാണ് ഇദ്ദേഹമെത്തിയത്. ഇന്ത്യ-സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് ഇന്ത്യൻ പ്രവാസികൾക്കുണ്ട്, അവരുമായി ചർച്ച ചെയ്ത് അവരുടെ ആശങ്കകൾ ആവശ്യങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story