സൗദിയിൽ വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; സമഗ്രമായ വ്യവസ്ഥകൾ പുറത്തുവിട്ട് അധികൃതർ
ഏകീകൃത ഇ-പോർട്ടലിലൂടെയാകും വിദേശികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

റിയാദ്: വിദേശികൾക്കും വിദേശ കമ്പനികൾക്കും രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള സമഗ്രമായ എക്സിക്യൂട്ടീവ് നിയമാവലിയിലെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിട്ട് സൗദി അറേബ്യ. വിപണിയിൽ സുതാര്യത ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ചട്ടക്കൂടാണ് സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റി അംഗീകരിച്ചിരിക്കുന്നത്. രാജ്യത്ത് സ്ഥിരതാമസമില്ലാത്ത വിദേശ വ്യക്തികൾക്ക് രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള റിയൽ എസ്റ്റേറ്റ് വസ്തുക്കളോ അതിന്റെ ഉടമസ്ഥാവകാശമോ സ്വന്തമാക്കണമെങ്കിൽ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ ഐഡി സ്വന്തമാക്കണം. ഈ ഡിജിറ്റൽ ഐഡിയുമായി ലിങ്ക് ചെയ്ത സൗദി മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. കൂടാതെ, സൗദിയിലെ ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്നും നിബന്ധനയുണ്ട്. എല്ലാ സാമ്പത്തിക, നിയമപരമായ ഇടപാടുകളും ഔദ്യോഗിക രേഖകളുമായി കൃത്യമായി ബന്ധിപ്പിക്കുന്നതിനാണ് ഈ നീക്കം.
രാജ്യത്ത് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കുന്ന വിദേശ കമ്പനികൾ, എൻജിഒകൾ, വിദേശ പങ്കാളിത്തമുള്ള സൗദി കമ്പനികൾ എന്നിവയ്ക്കുള്ള നിയമങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വിദേശ കമ്പനികൾ പ്രോപ്പർട്ടി വാങ്ങുന്നതിന് മുമ്പ് നിക്ഷേപ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി കമ്പനിയുടെ നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ യഥാർഥ ഉടമകളുടെയും വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തേണ്ടതുണ്ട്. കമ്പനിയുടെ 5 ശതമാനമോ അതിൽ കൂടുതലോ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ 15 ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണമെന്നും നിയമാവലിയിൽ പറയുന്നു. ഈ നിബന്ധനകൾ പൂർത്തിയാക്കിയാൽ മാത്രമേ കമ്പനിക്ക് രജിസ്ട്രേഷൻ നമ്പർ നൽകുകയുള്ളു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദേശ സംഘടനകൾക്കും സമാനമായ നിബന്ധനകൾ ബാധകമാണ്. ഇവ നാഷണൽ സെന്റർ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് ദി നോൺ-പ്രോഫിറ്റ് സെക്ടറിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതും വിദേശ പങ്കാളിത്തമുള്ളതുമായ സൗദി കമ്പനികൾക്ക് മക്ക, മദീന ഒഴികെയുള്ള പ്രദേശങ്ങളിൽ ബിസിനസ്സ് ആവശ്യങ്ങൾക്കോ ജീവനക്കാരുടെ താമസത്തിനോ നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രോപ്പർട്ടി വാങ്ങാം. എന്നാൽ നിശ്ചിത ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് ഉള്ളിലാണെങ്കിൽ മക്കയിലും മദീനയിലും പ്രത്യേക അനുമതിയില്ലാതെ തന്നെ പ്രോപ്പർട്ടി സ്വന്തമാക്കാൻ ചില വ്യവസ്ഥകളോടെ നിയമം അനുവദിക്കുന്നുണ്ട്.
വിദേശികൾക്ക് ഒരേ കുടുംബത്തിന് കീഴിൽ ഒന്നിലധികം പ്രോപർട്ടികൾ സ്വന്തമാക്കുന്നത് തടയുന്നതിനുള്ള കർശന വ്യവസ്ഥകളും സൗദി റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ പുതിയ നിയമാവലിയിലുണ്ട്. വിദേശിയായ ഭർത്താവും അയാളുടെ വിദേശികളായ മക്കളും പ്രോപ്പർട്ടി ഉടമസ്ഥതയിൽ ആശ്രിതരായി മാത്രമേ കണക്കാക്കപ്പെടൂ. വിവാഹബന്ധം വേർപെടുകയോ മക്കൾക്ക് 25 വയസ്സ് പൂർത്തിയാകുകയോ ചെയ്യാതെ ഒരു കുടുംബത്തിൽ ഒന്നിലധികം പേർക്ക് സ്വതന്ത്രമായി പാർപ്പിടങ്ങൾ വാങ്ങാൻ അനുമതിയുണ്ടാകില്ല. ഒരേ കുടുംബത്തിന് കീഴിൽ ഒന്നിലധികം വീടുകൾ സ്വന്തമാക്കുന്നത് തടയുന്നതാണ് ഈ നിബന്ധന. റിയാദ്, ജിദ്ദ, മക്ക, മദീന എന്നീ നാല് പ്രധാന നഗരങ്ങളിൽ വിദേശികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് 2 ശതമാനം ഫീസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പാരമ്പര്യ സ്വത്ത് വിഭജനം, കോടതി വിധികൾ, പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ ഉൾപ്പെടെ 10 പ്രത്യേക സാഹചര്യങ്ങളിൽ ഈ ഫീസിൽ നിന്ന് പൂർണ ഇളവ് നൽകും.
റിയൽ എസ്റ്റേറ്റ് അതോറിറ്റി രൂപീകരിക്കുന്ന ഏകീകൃത ഇലക്ട്രോണിക് പോർട്ടൽ വഴിയായിരിക്കും വിദേശികളുടെ എല്ലാ അപേക്ഷകളും സ്വീകരിക്കുക. എല്ലാ സാമ്പത്തിക ഇടപാടുകളും സൗദി സെൻട്രൽ ബാങ്ക് (SAMA) അംഗീകരിച്ച ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ വഴി മാത്രമേ നടത്താൻ പാടുള്ളൂ. നിയമലംഘനങ്ങൾ കണ്ടെത്താൻ റിയൽ എസ്റ്റേറ്റ് അതോറിറ്റിയിലെ പ്രത്യേക ഇൻസ്പെക്ടർമാർക്ക് പൂർണ അധികാരമുണ്ടാകും. നിയമലംഘനം നടത്തുന്നവർക്ക് അത് തിരുത്താൻ 10 മുതൽ 180 ദിവസം വരെ സമയം അനുവദിക്കും. ഇതിനകം തെറ്റുകൾ തിരുത്താത്തവർക്കെതിരെ കടുത്ത പിഴയും നിയമനടപടികളും സ്വീകരിക്കുമെന്നും നിയമാവലി വ്യക്തമാക്കുന്നു. ഇതിനായുള്ള വിശദമായ ഗൈഡ് അതോറിറ്റി ഉടൻ പുറത്തിറക്കും.
Adjust Story Font
16

