തീർഥാടകർക്ക് ആശ്വാസം; ഇരുഹറമുകളിലായി 5 ലഗേജ് സ്റ്റോറേജ് സെന്ററുകൾ വിപുലമാക്കി
സൗജന്യമായ ഈ സേവനത്തിൽ പരമാവധി 4 മണിക്കൂർ വരെ ലഗേജ് സൂക്ഷിക്കാനാവും

ജിദ്ദ: മക്കയിലെയും മദീനയിലെയും ഹറമുകളിൽ എത്തുന്ന തീർഥാടകരുടെ സൗകര്യാർത്ഥം 5 അത്യാധുനിക ലഗേജ് സ്റ്റോറേജ് സെന്ററുകൾ വികസിപ്പിച്ചതായി ഇരുഹറം കാര്യാലയം. വിശ്വാസികളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാനും തിരക്ക് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പൂർണമായും സൗജന്യമായ ഈ സേവനത്തിൽ പരമാവധി 4 മണിക്കൂർ വരെയാണ് ലഗേജ് സൂക്ഷിക്കാനാവുക. ദിവസേന 24 മണിക്കൂറും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അവർക്ക് സുഖകരമായി കർമങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
മക്കയിലെ വിശുദ്ധ ഹറമിൽ നാല് പ്രധാന സ്ഥലങ്ങളിലായാണ് ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ടോയ്‌ലറ്റ് നമ്പർ 6-ന് പിന്നിലായി വെസ്റ്റേൺ കോർട്ട്യാർഡ്, ടോയ്‌ലറ്റ് നമ്പർ 1-ന് അടുത്തായി അജ്‌യാദ് സ്ട്രീറ്റ്, മക്ക ലൈബ്രറിക്ക് സമീപം ഈസ്റ്റേൺ കോർട്ട്യാർഡ് സർവീസ് ബിൽഡിങ്ങിൽ ഷട്ടർ 3-ക്ക് ശേഷം തേർഡ് സൗദി എക്സ്പാൻഷൻ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. കൂടാതെ, കിങ് അബ്ദുൽ അസീസ് ഗേറ്റ് (1), കിങ്ഫഹദ് ഗേറ്റ് (79), ഉംറ ഗേറ്റ്, ഗേറ്റ് 100 എന്നീ പ്രധാന പ്രവേശന കവാടങ്ങളിൽ ലഗേജ് ഡ്രോപ്പ്-ഓഫ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. മദീനയിലെ പ്രവാചക പള്ളിയിൽ എക്സിറ്റ് 365-നും 366-നും ഇടയിലായി പുതിയ ലഗേജ് സ്റ്റോറേജ് സെന്റർ സ്ഥാപിച്ചു. ഇത് സന്ദർശകർക്ക് പള്ളിയുടെ മുറ്റങ്ങളിലും മറ്റ് സൗകര്യങ്ങളിലും എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായകമാകും.
Adjust Story Font
16

