സൗദി കിഴക്കൻ പ്രവിശ്യയിൽ ഡ്രോൺ-മിസൈൽ ആക്രമണ ശ്രമങ്ങൾ തുടരുന്നു; മേഖലയിൽ ജാഗ്രതാ നിർദേശം
ഇന്നലെ രാത്രി 10 മുതൽ ഇന്ന് രാവിലെ 6 വരെ പ്രതിരോധിച്ചത് 27 ഡ്രോണുകൾ

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുണ്ടായ വൻ വ്യോമാക്രമണ ശ്രമങ്ങൾ പ്രതിരോധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം. ഇന്നലെ രാത്രി 10 മുതൽ ഇന്ന് രാവിലെ 6 വരെ 27 സ്ഫോടക ഡ്രോണുകൾ പ്രതിരോധിച്ചു. ഇന്ന് പുലർച്ചെ ഒരു ബാലിസ്റ്റിക് മിസൈലും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തതായി മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന് നേരെ ശക്തമായ ആക്രമണ ശ്രമങ്ങളാണ് നടക്കുന്നത്.
ഇന്നലെ കിഴക്കൻ മേഖലയിൽ മാത്രം 44 ഡ്രോണുകൾ തകർത്തതായി അൽ മാലികി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം 69 ഡ്രോണുകളാണ് പ്രതിരോധ സേന നശിപ്പിച്ചത്. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ, അൽ ഖർജ് ഗവർണറേറ്റിൽ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അപകടസാധ്യത മുന്നിൽ കണ്ടാണ് ജനങ്ങൾക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. മേഖലയിൽ യുഎസ് സൈനികരുള്ള സൈനിക താവളമുണ്ട്.
അപകടസാഹചര്യം അവസാനിച്ചുവെന്ന് അറിയിക്കുന്നതിനുള്ള സിഗ്നലിൽ മാറ്റം വരുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. അപകടം ഒഴിഞ്ഞുവെന്ന് അറിയിക്കുന്ന ശബ്ദം ഇനിമുതൽ സാധാരണ ടെക്സ്റ്റ് മെസേജുകൾക്ക് സമാനമായിരിക്കും. അപകടം സംഭവിക്കുമ്പോൾ നൽകുന്ന അപായ സൈറണിൽ നിന്നും ഇതിനെ വേർതിരിച്ചറിയാനാണ് ഈ മാറ്റം. മൊബൈൽ സ്ക്രീനുകളിൽ നിർബന്ധിതമായി തെളിയുന്ന രീതിയിലാണ് ഈ സന്ദേശങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
Adjust Story Font
16

