ബലിപെരുന്നാൾ, അറഫാ ദിനങ്ങൾ ഇന്നറിയാം; സൗദിയിൽ ഇന്ന് മാസപ്പിറവി നിരീക്ഷണം
ഹജ്ജിന്റെ തിരക്കിലേക്ക് മക്കാ നഗരി

റിയാദ്: ഹജ്ജിന്റെയും ബലി പെരുന്നാളിന്റെയും ദിനങ്ങളറിയാൻ സൗദിയിൽ ഇന്ന് മാസപ്പിറവി നിരീക്ഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമായാൽ ജൂൺ ആറിനാകും ബലിപെരുന്നാൾ. ഹജ്ജിലെ സുപ്രധാന കർമങ്ങളുടെ ദിവസങ്ങളും ഇന്നത്തെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും. രാജ്യത്തുടനീളം വൈകീട്ട് നിരീക്ഷണം തുടങ്ങും.
ഇന്ന് ആകാശം തെളിഞ്ഞു നിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചന്ദ്രപ്പിറ കണ്ടാലും ഇല്ലെങ്കിലും ഹജ്ജിന്റെയും ബലിപെരുന്നാളിന്റെയും തീയതികൾ ഇന്ന് വ്യക്തമാകും. മാസപ്പിറ ഇന്ന് ദൃശ്യമായാൽ ജൂൺ അഞ്ചിന് അറഫാ ദിനവും ജൂൺ ആറിന് ബലിപെരുന്നാളുമാകും. മാസപ്പിറ കണ്ടില്ലെങ്കിൽ ജൂൺ ആറിന് അറഫയും ജൂൺ ഏഴിന് പെരുന്നാളും. നാളത്തോടെ ഹജ്ജിന്റെ തിരക്കിലേക്ക് മക്കാ നഗരി നീങ്ങും. ഇരുപത് ലക്ഷത്തോളം ഹാജിമാരെ പ്രതീക്ഷിക്കുന്ന ഹജ്ജിലേക്ക് പത്ത് ലക്ഷത്തിലേറെ പേർ ഇതിനകം എത്തിയിട്ടുണ്ട്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഹജ്ജ് കർമങ്ങൾക്കായി മിനായിലേക്ക് ഹാജിമാർ നീങ്ങുന്ന ദിനങ്ങളും നിശ്ചയിക്കപ്പെടുക.
Adjust Story Font
16

