യൂറോപ്യൻ ഫിസിക്സ് ഒളിമ്പ്യാഡ്; സൗദിയെ പ്രതിനിധീകരിച്ച് 5 വിദ്യാർഥികൾ
40 രാജ്യങ്ങളിൽ നിന്നായി 200 മത്സരാർഥികൾ

റിയാദ്: ജൂൺ 12 മുതൽ 16 വരെ സ്വീഡനിലെ ഗോഥൻബർഗിൽ നടക്കുന്ന പത്താമത് യൂറോപ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ സൗദി ഒരുങ്ങുന്നു. 40 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിദ്യാർഥികളാണ് ഈ അന്താരാഷ്ട്ര മത്സരത്തിൽ മത്സരിക്കുന്നത്. കിങ് അബ്ദുൽ അസീസ് ആന്റ് ഹിസ് കംപാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്‌നെസ് ആന്റ് ക്രിയേറ്റിവിറ്റി, സൗദി വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര ഒളിമ്പ്യാഡ് പ്രോഗ്രാമിലൂടെ യോഗ്യത നേടിയ അഞ്ച് സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സൗദിയെ പ്രതിനിധീകരിക്കുന്നത്. റദ സാലിം അൽ ഖമീസ്, ഹുസൈൻ ഹബീബ് അൽ സ്വാലിഹ്, നാസർ ഹിഷാം അൽ ഷായ, മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അർഫജ്, മുഹമ്മദ് മഹ്മൂദ് അൽ റംൽ എന്നിവരാണ് സൗദിയെ പ്രതിനിധീകരിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി വിദ്യാർഥികളുടെ മികവ് വർധിപ്പിക്കുന്നതിനായി തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന സമഗ്രമായ പരിശീലന പരിപാടികളും രാജ്യത്തിനകത്തും പുറത്തുമായി പ്രത്യേക പരിശീലന ക്യാമ്പുകളും ഇവർക്ക് നൽകിയിട്ടുണ്ട്. യൂറോപ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ സൗദിയുടെ എട്ടാമത്തെ പങ്കാളിത്തമാണിത്. മുൻ വർഷങ്ങളിലെ മത്സരങ്ങളിൽ നിന്ന് ഒരു സ്വർണവും, 3 വെള്ളിയും, 12 വെങ്കലവും, 8 മെറിറ്റ് സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ 24 പുരസ്കാരങ്ങൾ രാജ്യം നേടിയിട്ടുണ്ട്. ക്രിയാത്മകമായ പരിഹാരങ്ങൾ ആവശ്യപ്പെടുന്ന ചെറിയ ചോദ്യങ്ങൾ, തിയറി പ്രാക്ടിക്കൽ പരീക്ഷകൾ, കൂടാതെ വിദ്യാർഥികളും സയന്റിഫിക് കമ്മിറ്റിയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ എന്നിവയാണ് ഈ ഒളിമ്പ്യാഡിന്റെ പ്രത്യേകതകൾ.
Adjust Story Font
16

