ചെറിയ പെരുന്നാൾ ആഘോഷമാക്കാം; ദുബൈയിൽ മൂന്ന് ദിവസം പാർക്കിങ് സൗജന്യം
ഈദ് അവധി ദിനങ്ങളിൽ ദുബൈ മെട്രോ, ട്രാം സർവീസുകൾക്ക് പ്രത്യേക സമയക്രമം

ദുബൈ: ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ് അനുവദിച്ച് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഈദ് ഒന്നാം ദിവസം മുതൽ മൂന്നാം ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. മൾട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ് മേഖലകൾക്കും ഈ ഇളവ് ബാധകും. ഈദ് കഴിഞ്ഞ് നാലാം ദിവസം മുതൽ സാധാരണ നിരക്ക് പുനരാരംഭിക്കും. ശവ്വാൽ മാസപ്പിറവി കാണുന്നതനുസരിച്ച് മാർച്ച് 19 വ്യാഴമോ അല്ലെങ്കിൽ മാർച്ച് 20 വെള്ളിയോ ആണ് പെരുന്നാൾ പ്രതീക്ഷിക്കുന്നത്.
ഈദ് അവധി ദിനങ്ങളിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മെട്രോ, ട്രാം സർവീസുകളുടെ സമയം നീട്ടിയിട്ടുണ്ട്. എല്ലാ സർവീസുകളും പുലർച്ചെ 1 വരെ ഉണ്ടാകും. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ മാർച്ച് 18 മുതൽ 21 വരെ പുലർച്ചെ 5:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ പ്രവർത്തിക്കും. മാർച്ച് 22 ഞായർ രാവിലെ 8:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും പ്രവർത്തിക്കും. ദുബൈ ട്രാം മാർച്ച് 18 മുതൽ 21 വരെ രാവിലെ 6:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും ഞായർ രാവിലെ 9:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെയും ഓടും.
ചില ബസ് സർവീസുകളിലും ഇതേ ദിവസങ്ങളിൽ മാറ്റങ്ങളുണ്ടാകും. അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് E100 ബസ് മാർച്ച് 18 ഉച്ച മുതൽ മാർച്ച് 22 വരെ സർവീസ് ഉണ്ടായിരിക്കില്ല. പകരം യാത്രക്കാർക്ക് ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101 ബസ് ഉപയോഗിച്ച് അബൂദബിയിലേക്ക് യാത്ര ചെയ്യാം. E102 ബസ് മാർച്ച് 19 മുതൽ 22 വരെ അൽ ജാഫിലിയ സ്റ്റേഷനിൽ നിന്ന് മുസഫയിലേക്ക് സർവീസ് നടത്തും. തസ്ജീൽ ഉൾപ്പെടെയുള്ള വാഹന പരിശോധന സർവീസ് പ്രൊവൈഡർ സെന്ററുകൾ മാർച്ച് 19 മുതൽ 21 വരെ അടച്ചിടും. ഞായറാഴ്ച മുതൽ പ്രധാന സെന്ററുകളായഅൽ തവാർ, അൽ മൻഖൂൽ, ഡിസ്കവറി ഗാർഡൻ തുടങ്ങിയവ വീണ്ടും തുറക്കും. റമദാൻ 30 ദിവസം പൂർത്തിയായാൽ അവധി ഞായറാഴ്ച വരെ നീളുന്നതാണ്.
Adjust Story Font
16

