Quantcast

സൗദി തൊഴില്‍ വിപണിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നു

2018 മുതല്‍ പ്രവാസികള്‍ക്ക് പ്രത്യേക ലെവി തുക ഏര്‍പ്പെടുത്തിയതോടെയാണ് വിദേശികളുടെ കൂട്ട കൊഴിഞ്ഞുപോക്കിന് ആക്കം കൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-01-19 09:49:42.0

Published:

19 Jan 2022 9:45 AM GMT

സൗദി തൊഴില്‍ വിപണിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നു
X

റിയാദ്: സൗദി തൊഴില്‍ വിപണിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നു. 2018 ആദ്യം മുതല്‍ കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള 45 മാസ കാലയളവിനുള്ളില്‍ മൊത്തം 1.05 ദശലക്ഷം സ്ത്രീ, പുരുഷ വിദേശ തൊഴിലാളികള്‍ സൗദി തൊഴില്‍ വിപണി വിട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ആകെ വിദേശ തൊഴിലാളികളുടെ 10.12 ശതമാനമാണെന്നാണ് വിലയിരുത്തല്‍.

2018 മുതല്‍ പ്രവാസികള്‍ക്ക് പ്രത്യേക ലെവി തുക ഏര്‍പ്പെടുത്തിയതോടെയാണ് വിദേശികളുടെ കൂട്ട കൊഴിഞ്ഞുപോക്കിന് ആക്കം കൂടിയത്. 2018ല്‍ ഒരു ജീവനക്കാരന് പ്രതിമാസം 400 റിയാലായിരുന്നു ലെവി തുകയായി ഈടാക്കിയിരുന്നത്. ഇത് 2019 ല്‍ 600 റിയാലായും 2020 മുതല്‍ 800 റിയാലായും ഉയര്‍ത്തുകയും ചെയ്തു.

ലെവി തുക ചുമത്തുന്നതിന് മുമ്പ് 2017 അവസാനത്തോടെ വിദേശ തൊഴിലാളികളുടെ എണ്ണം 10.42 ദശലക്ഷമായിരുന്നെങ്കില്‍, 2021 മൂന്നാം പാദത്തിന്റെ അവസാനത്തോടെ അത് ഏകദേശം 9.36 ദശലക്ഷമായാണ് കുറഞ്ഞത്.

അതേ കാലയളവില്‍, 2017 അവസാനത്തോടെ 3.16 ദശലക്ഷമായിരുന്ന സൗദി തൊഴിലാളികളുടെ എണ്ണം 3.34 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. പുരുഷന്മാരും സ്ത്രീകളുമടങ്ങിയ ഏകദേശം 179,000 സൗദി സ്വദേശികളുടെ ബലത്തില്‍ 5.66 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയില്‍ സംഭവിച്ചിട്ടുള്ളത്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സി(GOSI)ന്റെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയരായ സൗദി സ്വദേശികളുടെ എണ്ണം ഇതേ കാലയളവില്‍ 7.73 ശതമാനം വര്‍ധിച്ചു. 153,000 ലധികം സൗദി തൊഴിലാളികളാണ് ഇതിലൂടെ ജോലിയില്‍ പ്രവേശിച്ചത്. ഈ സംവിധാനത്തിന് വിധേയരായ ആകെ തൊഴിലാളികളുടെ എണ്ണം ഏകദേശം 2.14 ദശലക്ഷമായാണ് ഉയര്‍ന്നത്.

സിവില്‍ സര്‍വീസ് നിയമത്തിന് വിധേയരായ സൗദി സ്വദേശികളുടെ എണ്ണം ഏകദേശം 26,000 ആയാണ് വര്‍ധിച്ചത്. അവരുടെ ആകെ എണ്ണം 1.21 ദശലക്ഷ(രണ്ട് ശതമാനം വര്‍ധനവ്)മാണ്.

TAGS :

Next Story