സുരക്ഷിതമല്ലാത്ത മരുന്നുകൾ വിറ്റു: റിയാദിൽ പ്രവാസികളായ ജിം ട്രെയിനർമാർ പിടിയിൽ
കുടുങ്ങിയത് സോഷ്യൽ മീഡിയ നിരീക്ഷണത്തിലൂടെ

റിയാദ്: സ്‌പോർട്‌സ് ക്ലബ്ബുകളും ജിമ്മുകളും കേന്ദ്രീകരിച്ച് സുരക്ഷിതമല്ലാത്ത ഭാരക്കുറവ് മരുന്നുകളും ഹോർമോൺ ഉൽപ്പന്നങ്ങളും വിൽപന നടത്തിയ പ്രവാസി ട്രെയിനർമാരെ സൗദി ആരോഗ്യ മന്ത്രാലയം പിടികൂടി. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഈ സംഘം പിടിയിലായത്. ശാസ്ത്രീയമായി അംഗീകരിക്കാത്തതും തെറ്റായ അവകാശവാദങ്ങളോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതുമായ മരുന്നുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പിടിക്കപ്പെട്ടവർക്കെതിരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.
സോഷ്യൽ മീഡിയ വഴിയുള്ള ഇവരുടെ ഇടപാടുകൾ മന്ത്രാലയം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് വിതരണ ശൃംഖലയെക്കുറിച്ചും മരുന്നുകൾ സൂക്ഷിച്ച സംഭരണശാലയെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതും നിലവിൽ ക്ലിനിക്കൽ ട്രയലുകൾ നടന്നു കൊണ്ടിരിക്കുന്നതുമായ റെറ്റാട്രൂട്ടൈഡ് പോലുള്ള മരുന്നുകളും ഹോർമോൺ സബ്സ്റ്റൻസുകളും കണ്ടെത്തി. ഗുണനിലവാരം ഉറപ്പുവരുത്താത്ത ഇത്തരം വസ്തുക്കൾ ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സൂക്ഷിച്ചിരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജിമ്മുകളിൽ എത്തുന്നവർ ഇത്തരം വ്യാജ ഉൽപ്പന്നങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിടിയിലായവരിൽ നിന്ന് മരുന്ന് വാങ്ങിയവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെട്ട് അതിന്റെ അപകടസാധ്യതകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും ഡോക്ടർമാരുടെ നിർദേശമില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ആരോഗ്യ സംബന്ധമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
Adjust Story Font
16

