ഏക മകളുടെ ദുരൂഹമരണം; നീതി തേടി നാല് വർഷമായി നിയമപോരാട്ടം നടത്തി പ്രവാസി
മകളെ നാല് വർഷം മുമ്പ് കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ദമ്മാം: എൻട്രൻസ് കോച്ചിംഗ് വിദ്യാർഥിനിയായ ഏക മകളുടെ ദുരൂഹ മരണത്തിൽ നാല് വർഷമായി നീതി തേടി അലയുകയാണ് സൗദിയിലെ ദമ്മാമിൽ പ്രവാസിയായ ഒരു പിതാവ്. നാല് വർഷം മുമ്പ് കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയ ഐറിന്റെ പിതാവ് റോയിയാണ് മകളുടെ അകാല വേർപാടിന്റെ വേദനയിലും നീതിക്കായി കാത്തിരിക്കുന്നത്. തന്റെ ബന്ധുക്കളും പ്രതികളെന്ന് സംശയിക്കുന്നവരുമായ കുറ്റവാളികളെ ചോദ്യം ചെയ്യാനോ കുറ്റപത്രം സമർപ്പിക്കാേേനാ പൊലീസും അധികാരികളും ഇതുവരെ തയ്യാറായിട്ടില്ല. ഒടുവിൽ പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാൻ ഹൈകോടതി വിധി കരസ്ഥമാക്കിയിട്ടും പൊലീസ് ഒളിച്ചുകളി തുടരുന്നതായും ഈ പിതാവ് പരാതി ഉന്നയിക്കുന്നു. പ്രതികൾക്ക് ഭരണ തലത്തിലും ഉന്നത രാഷ്ട്രീയ പാർട്ടി ബന്ധങ്ങളിലുമുള്ള സ്വാധീനമാണ് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും റോയ് പറയുന്നു.
മരണ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ പൊലീസും പ്രതികളും ചേർന്ന് നശിപ്പിച്ചെന്നും റോയി ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് ഹൈകോടതിയിൽ നുണ പരിശോധന ആവശ്യപ്പെട്ട് ഹരജി നൽകേണ്ടിവന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു.
മകളുടെ കൊലപാതകത്തിന് കാരണക്കാരായ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റോയി മുട്ടാത്ത വാതിലുകൾ ഇല്ല. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മകളുടെ ഘാതകരെ എന്നെങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ പിതാവ് ജീവിതം മുന്നോട്ട് നയിക്കുന്നത്.
നിയമ പോരാട്ടത്തിനിടെ തുണയായി ഉണ്ടായിരുന്ന ഭാര്യ അസുഖബാധിതയായി ഒരു വർഷം മുമ്പ് മരണപ്പെട്ടു. കോളേജിൽ പഠിക്കുന്ന ഐറിന്റെ ഏക സഹോദരൻ മാത്രമാണ് ഇപ്പോൾ റോയിക്ക് കൂട്ടായുള്ളത്.
Adjust Story Font
16

