അന്താരാഷ്ട്ര ഫാൽക്കൺ മേള: സൗദിയിൽ അപൂർവയിനം ഫാൽക്കൺ വിറ്റത് 12 ലക്ഷം റിയാലിന്
'സൂപ്പർ വൈറ്റ് പ്യുവർ ഗൈർ' ഇനത്തിൽപ്പെട്ട ഫാൽക്കണാണ് 12 ലക്ഷം സൗദി റിയാലിന് വിറ്റഴിച്ചത്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ മൽഹാമിൽ നടക്കുന്ന അന്താരാഷ്ട്ര ഫാൽക്കൺ മേളയിൽ അപൂർവയിനം ഫാൽക്കൺ റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. ലോകത്തിലെ ഏറ്റവും വിലയേറിയ ഇനങ്ങളിലൊന്നായ 'സൂപ്പർ വൈറ്റ് പ്യുവർ ഗൈർ' ഇനത്തിൽപ്പെട്ട ഫാൽക്കണാണ് 12 ലക്ഷം സൗദി റിയാലിന് വിറ്റഴിച്ചത്.
അമേരിക്കയിൽ നിന്നുള്ള ഫാമിൽ വളർത്തിയ, അപൂർവ്വമായി മാത്രം കാണുന്ന തൂവെള്ള നിറത്തിലുള്ള ഈ ഫാൽക്കണിനുവേണ്ടി വാശിയേറിയ ലേലമാണ് നടന്നത്. ശനിയാഴ്ച നടന്ന ലേലത്തിലാണ് ഈ റെക്കോർഡ് വിൽപ്പന നടന്നത്. ഇതിനുപുറമെ, ഇന്നലെ നടന്ന ലേലത്തിൽ യുകെയിൽ നിന്നെത്തിച്ച മറ്റ് രണ്ട് ഫാൽക്കണുകളും ശ്രദ്ധേയമായ വില നേടി. ഇവ യഥാക്രമം 28,000 റിയാലിനും 48,000 റിയാലിനുമാണ് വിറ്റുപോയത്.
സൗദി ഫാൽക്കൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ മേള, പക്ഷി വളർത്തൽ മേഖലയെ പ്രോത്സാഹിപ്പിക്കാനും ഫാൽക്കൺ പൈതൃകം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. മേളയുടെ ഭാഗമായി മേഖലയുടെ പുരോഗതിക്കായി മൂന്ന് സുപ്രധാന പദ്ധതികൾക്കും തുടക്കമായി. സ്‌പെഷ്യലൈസ്ഡ് ഫാം പദ്ധതി, ഫാൽക്കണുകൾക്കുള്ള പരിശീലനവും ആരോഗ്യ സംരക്ഷണ സേവനങ്ങളും, ഫാൽക്കൺ ഇക്കോ ടൂറിസം എന്നിവയാണ് ഈ പുതിയ പദ്ധതികൾ.
Adjust Story Font
16

