റിയാദിൽ വാടക നിരോധന നിയമം ലംഘിക്കുന്നവർക്കുള്ള പിഴ പ്രഖ്യാപിച്ചു
കെട്ടിടം പാർട്ടീഷ്യൻ ചെയ്താലും പിഴ

റിയാദ്: സൗദിയിലെ റിയാദിൽ വാടക നിരോധന നിയമം ലംഘിക്കുന്നവർക്കുള്ള പിഴ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനിടെ എപ്പോൾ വാടക വർധിപ്പിച്ചാലും രണ്ട് മാസത്തെ വാടകയാണ് പിഴയായി ആദ്യം ഈടാക്കുക. പിന്നീട് ആറു മാസത്തേയും ഒരു വർഷത്തേയും വാടക പിഴയായി നൽകേണ്ടി വരും. അനുമതിയില്ലാതെ കെട്ടിടം പാർട്ടീഷ്യൻ ചെയ്ത് വാടകക്ക് നൽകിയാൽ കാൽലക്ഷം റിയാൽ പിഴ ഈടാക്കുമെന്ന് മുനിസിപ്പൽ മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
നേരത്തെ പ്രഖ്യാപിച്ച വാടക വർധന നിരോധന നിയമത്തിലാണ് പിഴയും നടപടികളും മന്ത്രാലയം വിശദീകരിച്ചത്. 2030 വരെ റിയാദിൽ വാടക വർധന പാടില്ല. നിയമം ലംഘിച്ച് വാടക വർധിപ്പിച്ചാൽ ആദ്യം രണ്ട് മാസത്തെ വാടക പിഴയായി നൽകണം. കുറ്റം ആവർത്തിച്ചാൽ ആറ് മാസത്തെ വാടകയാണ് പിഴ. വീണ്ടും ആവർത്തിച്ചാൽ ഒരു വർഷത്തെ വാടകയാകും പിഴ. ഇതിനു പുറമെ കെട്ടിടത്തിലെ താമസക്കാരനെ കൂടുതൽ വാടക കിട്ടാൻ വേണ്ടി ഒഴിപ്പിച്ചാൽ അത് റദ്ദാക്കുകയും ചെയ്യും. റിയാദിലെ പ്രവാസികൾക്ക് നീക്കം നേട്ടമാകും. രണ്ട് വർഷത്തിനിടെ 200 ഇരട്ടി വരെ പലഭാഗത്തായി വർധിപ്പിച്ചിരുന്നു. അനുമതിയില്ലാതെ കെട്ടിടം പാർട്ടീഷ്യൻ ചെയ്ത് വാടകക്ക് നൽകിയാൽ 5000 മുതൽ കാൽലക്ഷം റിയാൽ പിഴ ഈടാക്കുമെന്ന് മുനിസിപ്പൽ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. പാർട്ടീഷ്യൻ ചെയ്യാൻ ലൈസൻസ് നിർബന്ധമാണ്. കെട്ടിടത്തിനു മുന്നിലെ പാർക്കിങ് സൗകര്യം, ഫയർ ആന്റ് റെസ്‌ക്യൂ സംവിധാനം, കെട്ടിടത്തിന്റെ സുരക്ഷ എന്നിവ ഉറപ്പാക്കി മാത്രമാണ് പാർട്ടീഷ്യന് ലൈസൻസ് അനുവദിക്കുന്നത്. ചട്ടം ലംഘിച്ചാൽ ആദ്യം മുന്നറിയിപ്പ് നോട്ടീസ് നൽകും. ആവർത്തിച്ചാലാണ് പിഴ ഈടാക്കുക.
Adjust Story Font
16

