Quantcast

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും

കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Dec 2021 7:08 AM IST

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും
X

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്‍റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകും. റിയാദ് കെഎംസിസിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്. വെള്ളിയാഴ്ച നടന്ന അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്.

കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന, മക്കളായ 12കാരൻ ലുത്ഫി, ഏഴു വയസ്സുകാരി സഹ, അഞ്ചു വയസ്സുകാരി ലൈബ എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിക്കുക. കുടുംബം സന്ദർശക വിസയിൽ എത്തിയതായിരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ ഇവർ സഞ്ചരിച്ച വാഹനവും സൗദി പൗരന്റെ ലാൻഡ് ക്രൂയിസറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സൗദി പൗരനും മരിച്ചു.

വെള്ളിയാഴ്ച റിയാദിൽ നിന്നും 250 കി.മീ അകലെ ബീശ റോഡിലായിരുന്നു ദാരുണമായ അപകടം. കിഴക്കൻ പ്രവിശ്യയിൽ നിന്നും ജിസാനിലേക്ക് പുതിയ ജോലി സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടി പോവുകയായിരുന്നു ജാബിർ. ഇവരുടെ വീട്ടു സാധനങ്ങളുമായുള്ള ലോറി മുന്നിൽ പുതിയ താമസ സ്ഥലത്ത് എത്തിയിരുന്നു. ഇവരെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അപകട വിവരമറിയുന്നത്. വെള്ളിയാഴ്ച നടന്ന അപകടം ശനിയാഴ്ച ഉച്ചയോടെയാണ് മലയാളി സമൂഹം അറിയുന്നത്.

അൽ റെയ്ൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ജാബിറിന്റെ സഹോദരൻ തിരിച്ചറിഞ്ഞു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസിയുടെ സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും സംഘവും രംഗത്തുണ്ട്. റിയാദിൽ നിന്നും മക്ക റോഡിലേക്ക് തിരിയുന്ന ബീശയിലേക്കുള്ള പല ഭാഗത്തും എതിർദിശയിൽ വാഹനങ്ങൾ വരുന്ന ടൂ വേ റോഡുണ്ട്. ഈ ഭാഗത്ത് വെച്ചാണ് അപകടം. കൂട്ടിയിച്ച് തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്.

TAGS :

Next Story