പ്രവാസികൾക്കും തീർഥാടകർക്കും ആശ്വാസം; ജിദ്ദ - കോഴിക്കോട് റൂട്ടിൽ ഫ്ലൈനാസ് നേരിട്ടുള്ള സർവീസ് ആരംഭിച്ചു
കോഴിക്കോടിന് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും കൂടുതൽ സർവീസുകൾ

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈനാസിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മൂന്ന് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ച പശ്ചാത്തലത്തിൽ പുതിയ സർവീസ് മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും വലിയ ആശ്വാസമാകും. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10ന് കോഴിക്കോട്ടെത്തും. മടക്കയാത്രയിൽ കോഴിക്കോട്ടുനിന്ന് രാവിലെ 11ന് തിരിക്കുന്ന വിമാനം സൗദി സമയം ഉച്ചയ്ക്ക് 2.50ന് ജിദ്ദയിൽ എത്തിച്ചേരും.
186 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്യാധുനിക എയർബസ് എ320 വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്കിൽ 30 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും ഏഴ് കിലോഗ്രാം ഹാൻഡ് ബാഗേജും യാത്രക്കാർക്ക് കൊണ്ടുപോകാം. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് വഴി വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. കോഴിക്കോട് റൂട്ടിന് പുറമെ സൗദിയിലെ ദമ്മാമിൽ നിന്ന് മുംബൈ, ഡൽഹി, ലഖ്നൗ, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും കൂടുതൽ സർവീസുകൾ നടത്താൻ ഫ്ലൈനാസ് തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

