Quantcast

സൗജന്യ ഹജ്ജും ഉംറയും; സൗദി രാജാവിന്റെ വിഐപി അതിഥികൾ

സൗദി രാജാവിന്റെ അതിഥികളായിക്കൊണ്ട് ഹജ്ജും ഉംറയും നിർവഹിക്കാൻ അവസരം ഒരുക്കുന്നതാണ് പദ്ധതി

MediaOne Logo
സൗജന്യ ഹജ്ജും ഉംറയും; സൗദി രാജാവിന്റെ വിഐപി അതിഥികൾ
X

റിയാദ്: തീര്‍ഥാടനം എന്നതിലുപരി, അതിരുകളില്ലാത്ത മാനവ സാഹോദര്യത്തിന്റെ വിളംബരമാണ് ഹജ്ജും ഉംറയും. ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ മാഞ്ഞുപോകുന്ന, ഭാഷകളും സംസ്‌കാരങ്ങളും ഒന്നാകുന്ന ഈ ആഗോള വിശ്വാസി സംഗമത്തിന് ആതിഥേയത്വം വഹിക്കുക എന്നത് സൗദിയെ സംബന്ധിച്ച് ഒരു ചരിത്രപരമായ ദൗത്യമാണ്. അതില്‍ത്തന്നെ, അതിരുകളില്ലാത്ത ഇസ്ലാമിക ഐക്യത്തിന്റെ മകുടോദാഹരണമായി മാറിയ സവിശേഷമായൊരു സംരംഭമുണ്ട്, ഗസ്റ്റ്സ് ഓഫ് ദി കസ്റ്റോഡിയന്‍ ഓഫ് ദി ടു ഹോളി മോസ്‌ക്സ് പ്രോഗ്രാം... 1997ല്‍ ഏതാനും തീര്‍ഥാടകരുമായി ആരംഭിച്ച്, മൂന്ന് പതിറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍ പതിനായിരങ്ങളുടെ ആത്മീയസ്വപ്നം സാക്ഷാത്കരിച്ച, ലോകത്ത് സമാനതകളില്ലാത്ത ഒരു രാജകീയ ആതിഥ്യത്തിന്റെ ചരിത്രമാണത്.

പദ്ധതിയുടെ നാൾവഴികൾ

1997ല്‍, അതായത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, പ്രത്യേകിച്ച് ചെച്‌നിയയിലും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലുമുള്ള മുസ്ലിംകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം നല്‍കുന്നതിന് വേണ്ടിയാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. അന്നത്തെ സൗദി രാജാവ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസിന്റെ അതിഥികളായി 1,100 ഹാജിമാര്‍ ഹജ്ജ് നിര്‍വഹിച്ചതോടെ പുതിയൊരു ചരിത്രത്തിലേക്ക് സൗദി കാലെടുത്തുവെച്ചു. പിന്നീട് കിഴക്കന്‍ യൂറോപ്പിലേക്കും, വൈകാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിച്ചു.

ഉംറയും ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കുന്നു

2014-15 ലാണ് പദ്ധതിക്ക് Guests of the Custodian of the Two Holy Mosques for Umrah and Visit എന്ന് രൂപമാറ്റം വരുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജിന് പുറമെ ഉംറയും ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങളെ സൗദിയിലേക്ക് ക്ഷണിച്ച് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മുഫ്തിമാര്‍, ഇസ്ലാമിക പണ്ഡിതര്‍, മതനേതാക്കള്‍, സര്‍വകലാശാല അധ്യാപകര്‍, ഇസ്ലാമിക സംഘടനകളിലെ പ്രമുഖര്‍, ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍, പുതുതായി ഇസ്ലാം സ്വീകരിച്ച വ്യക്തികള്‍, തുടങ്ങി നിരവധി പേര്‍ സൗദി രാജാവിന്റെ അതിഥികളായെത്തി. ഉംറ നിര്‍വഹിക്കുന്നതിന് പുറമെ, മദീനയിലെ മസ്ജിദുന്നബവിയുടെയും ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളുടെയും സന്ദര്‍ശനം, പണ്ഡിതരുമായും ഹറമിലെ ഇമാമുമാരുമായുള്ള കൂടിക്കാഴ്ച, മതപരമായ ബോധവത്കരണ ക്ലാസുകള്‍ എന്നിവ തീര്‍ഥാടകര്‍ക്കായി ഒരുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകള്‍ക്ക് ഹജ്ജും ഉംറയും നിര്‍വഹിക്കാനുള്ള അവസരം നല്‍കിയ ഈ പദ്ധതി, വിശ്വാസികള്‍ തമ്മിലുള്ള സഹോദര്യം ശക്തമാക്കാനും ഇസ്ലാമിക പണ്ഡിതരുമായും വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളുമായുള്ള ബന്ധം ഊഷ്മളമാക്കാനും കാരണമായി.

എങ്ങനെ പദ്ധതിയിൽ പങ്കെടുക്കാം

സാധാരണ എല്ലാവര്‍ക്കും അപേക്ഷിക്കാവുന്ന ഉംറ പാക്കേജായല്ല പദ്ധതിയെ അവതരിപ്പിക്കുന്നത്. മറിച്ച്, ഓരോ രാജ്യത്ത് നിന്നുള്ള സൗദി എംബസികള്‍ വഴി വ്യക്തികളെ നാമനിര്‍ദേശം ചെയ്ത് ഇവരില്‍ നിന്ന് അര്‍ഹരായവരെ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇതുവരെ ഏകദേശം 140 രാജ്യങ്ങളില്‍ നിന്നായി 65,000 ഹാജിമാരാണ് സൗദി രാജാവിന്റെ അതിഥികളായെത്തി ഹജ്ജ് നിര്‍വഹിച്ചത്. ഈ വര്‍ഷം നാല് ബാച്ചുകളിലായി 1,000 ഉംറ തീര്‍ഥാടകരെയാണ് സൗദി അതിഥികളായി സ്വീകരിക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 500 ലധികം തീര്‍ഥാടകര്‍ നിലവില്‍ ഉംറ നിര്‍വഹിച്ചു കഴിഞ്ഞു. മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, ഉഹുദ് രക്തസാക്ഷികളുടെ ഖബര്‍സ്ഥാന്‍, ഉഹുദ് മല, ഖുബാ മസ്ജിദ്, കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ് എന്നിവയും അതിഥികള്‍ സന്ദര്‍ശിച്ചു. വരും വര്‍ഷങ്ങളിലും കൂടുതല്‍ പേര്‍ സൗദിയിലേക്ക് അതിഥികളാെയെത്തും. 97-ല്‍ ചെറിയ സംരംഭമായി രൂപപ്പെട്ട പദ്ധതി ഇന്ന്, ലോകത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഇസ്ലാം മതവിശ്വാസികളുടെ മഹാ സംഗമത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

TAGS :

Next Story