ഗിയർബോക്സ് തകരാർ; സൗദിയിൽ ജനറൽ മോട്ടേഴ്സിന്റെ 490 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
2022 മോഡൽ യൂക്കോൺ, ടാഹോ, എസ്കലേഡ്, സബർബൻ എന്നീ പ്രമുഖ എസ്‌യുവി മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്

റിയാദ്: പ്രമുഖ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ 490 വാഹനങ്ങൾ സൗദിയിൽ തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വാഹനങ്ങളുടെ ഗിയർബോക്സിലെ കൺട്രോൾ വാൽവിന് തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 2022 മോഡൽ യൂക്കോൺ (Yukon), ടാഹോ (Tahoe), എസ്കലേഡ് (Escalade), സബർബൻ (Suburban) എന്നീ പ്രമുഖ എസ്‌യുവി മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.
ഗിയർബോക്സ് തകരാറിലാവുന്നത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പിൻചക്രങ്ങൾ ലോക്ക് ആകാൻ കാരണമായേക്കാം. ഇത് നിയന്ത്രണം നഷ്ടപ്പെട്ട് വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. തിരിച്ചുവിളിക്കാൻ തീരുമാനിച്ച വാഹനങ്ങളുടെ ഉടമകൾ ഉടൻ തന്നെ മറ്റു നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. തങ്ങളുടെ വാഹനം ഈ പട്ടികയിൽ ഉണ്ടോ എന്നറിയാൻ സൗദി മന്ത്രാലയത്തിന്റെ ഔദ്യോഗിക റീകോൾ വെബ്‌സൈറ്റ് സന്ദർശിച്ച് വാഹനത്തിന്റെ ചേസിസ് നമ്പർ നൽകി പരിശോധിക്കുക. വാഹനം റീകോൾ പരിധിയിൽ വരുന്നതാണെങ്കിൽ, അംഗീകൃത ഡീലർമാരുമായി ബന്ധപ്പെട്ട് തകരാർ സൗജന്യമായി പരിഹരിക്കാവുന്നതാണ്.
Adjust Story Font
16

