Quantcast

റിയാദ് വിമാനത്താവള ആക്രമണം; ഹൂതികൾക്കെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം; അപലപിച്ച് ഇന്ത്യയും

ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

MediaOne Logo

Gulf Desk

  • Updated:

    2026-10-11 09:42:32

Published:

11 Oct 2026 3:11 PM IST

റിയാദ് വിമാനത്താവള ആക്രമണം; ഹൂതികൾക്കെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം; അപലപിച്ച് ഇന്ത്യയും
X

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം. നാല് സൗദി പൗരന്മാരും ഒരു അമേരിക്കക്കാരനും രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് വിവിധ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ദമ്മാമിലെ കിങ് ഫഹദ് വിമാനത്താവളത്തിന് സമീപവും പ്രൊജക്ടൈൽ പതിച്ചതായി സഖ്യസേന അറിയിച്ചതോടെ വ്യോമഗതാഗത സുരക്ഷ മുൻനിർത്തി അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തി.

സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണ പൗരന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ അവിടുത്തെ ഭരണകൂടത്തിനും ജനങ്ങൾക്കുമൊപ്പം രാജ്യം പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, പശ്ചിമേഷ്യയിൽ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ അറിയിച്ചു.

സിവിലിയൻ വിമാനത്താവളത്തിന് നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നടപടികളെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന് പൂർണ പിന്തുണ അറിയിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആക്രമണം നീതീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. സ്വന്തം പൗരന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, സംഘർഷം അവസാനിപ്പിച്ച് സമാധാന ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. യുഎസ്, ഈജിപ്ത്, സൈപ്രസ്, സൊമാലിയ എന്നീ രാജ്യങ്ങളും ആക്രമണത്തിനെതിരെ രംഗത്തെത്തി.

സൗദിയുടെ സുരക്ഷ തങ്ങളുടെയും ഗൾഫ് സഹകരണ കൗൺസിലിന്റെയും നിലനിൽപ്പുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പൂർണ ഐക്യദാർഢ്യം അറിയിച്ചു. ഹൂതികൾക്കെതിരെ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര വ്യോമയാന സംഘടനയും ശക്തമായ നടപടിയെടുക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് നേരെയുള്ള ഈ അതിക്രമം സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജോർദാനും ഫലസ്തീനും പ്രസ്താവിച്ചു. സമാധാനപരമായ നയതന്ത്ര നീക്കങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു.

സംഭവത്തെ മനുഷ്യരാവകാശ ലംഘനമായി വിശേഷിപ്പിച്ച ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ മനുഷ്യാവകാശ കമ്മീഷൻ, അന്താരാഷ്ട്ര ഇടപെടൽ അടിയന്തരമായി വേണമെന്ന് നിർദേശിച്ചു. ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങൾ മേഖലയുടെ സമാധാനം തകർക്കുമെന്ന് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി സൗദി വ്യോമപാത ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story