ഹാജിമാർ ഇന്ന് നടക്കുന്നത് 15 കിലോമീറ്ററിലേറെ ദൂരം
ഇബ്രാഹീം നബിയുടെ ത്യാഗങ്ങളിലൂടെ യാത്ര ചെയ്ത് ഹാജിമാർ

മക്ക: ഹജ്ജിൽ ഓരോ ഹാജിയും ഇന്ന് നടന്നു തീർക്കുന്നത് 15 കിലോമീറ്ററിലേറെ ദൂരമാണ്. ഈ ദിവസത്തിന് ഏറെ പ്രത്യേകതകളുണ്ട്. അകവും പുറവും ഒരുപോലെ ഉടഞ്ഞാണ് ഓരോ ഹാജിയും മിനായിലെ തമ്പുകളിൽ തിരികെയെത്തുക. ബലിപെരുന്നാൾ ദിനമായ ഇന്ന് ഓരോ ഹാജിയും ചെയ്തു തീർത്ത കർമങ്ങളിലൂടെയുള്ള യാത്ര കാണാം.
ഇന്നലെ മുസ്ദലിഫയിൽ രാത്രി കഴിഞ്ഞ ഹാജിമാർ മിനായിലെ ജംറയിലേക്ക് കല്ലേറിനായി പുറപ്പെട്ടു. ജംറത്തുൽ അഖബയിൽ ജീവിതത്തിലെ പൈശാചിക ചിന്തകളെയാണ് ഹാജിമാരിവിടെ കല്ലെറിയുന്നത്.
ഇബ്രാഹീം നബിയുടെ ത്യാഗങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഹാജിമാർ. ഹജ്ജിന്റെ ഓരോ കർമവും ഇബ്രാഹിം നബിയുടെ ത്യാഗജീവിതവുമായി ബന്ധപ്പെട്ടതാണ്. കൂടെയുള്ളതെല്ലാം സൃഷ്ടാവിന്റെ ഇഷ്ടത്തിന് വേണ്ടി വിട്ടൊഴിഞ്ഞ പ്രവാചക പ്രമുഖൻ. അദ്ദേഹത്തിന്റെ ത്യാഗം പരീക്ഷിക്കാൻ മാത്രമുള്ളതായിരുന്നു മകൻ ഇസ്മാഈൽ നബിയെ ബലി നൽകാനുള്ള കൽപന. അതിനായി പുറപ്പെട്ട വഴിയാണ് ഇന്നത്ത മിനായിൽ ഹാജിമാർ നീങ്ങുന്ന പ്രദേശങ്ങൾ.
ഇബ്രാഹിം നബിയുടെ മനസ്സിനെ പിന്തിരിപ്പിക്കാൻ മുമ്പെല്ലാത്തിലുമെന്ന പോലെ പിശാചെത്തുന്നു. ദൈവ മാർഗത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ഒന്നിനുമാകില്ലെന്ന് പറഞ്ഞ് അദ്ദേഹം പിശാചിനെ കല്ലെറിഞ്ഞോടിച്ചു ബിസ്മില്ലാഹി അല്ലാഹു അക്ബർ എന്ന് അഥവാ അല്ലാഹുവിന്റെ നാമത്തിൽ, ദൈവമാണ് വലിയവൻ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അത്. അതേ മന്ത്രമുരുവിട്ടാണ് വിശ്വാസികൾ ഇവിടെ പ്രതീകാത്മകമായി കല്ലെറിയുന്നത്.
പിന്നാലെ സംഭവിക്കുന്നത് അല്ലാഹുവിന്റെ കൽപനയാണ്. പ്രിയപ്പെട്ടവനെ ബലിയറുക്കാൻ തയ്യാറായ എന്റെ പ്രിയപ്പെട്ടവനേ..നീ ആടിനെ ബലിയറുത്ത് സന്തോഷത്തിലാകൂ എന്ന് അല്ലാഹുവിന്റെ കൽപന...ഇതിനാൽ കല്ലേറ് കർമത്തിൽ വിശ്വാസികൾ ചെയ്യുന്നതും അതാണ്.
പ്രവാചകൻ മുഹമ്മദ് നബിയോട് വലിയ കല്ലെടുത്തുപയോഗിക്കണോ എന്ന ചോദ്യത്തോട് നിങ്ങൾ അതിരു കവിയരുതെന്നായിരുന്നു പ്രവാചകന്റെ മറുപടി. അതിനാൽ കുഞ്ഞു കുഞ്ഞു കല്ലുകളാണ് വിശ്വാസികളിവിടെ ഒഴുകിയെത്തി എറിയുന്നത്.
ഇവിടെ എറിഞ്ഞു കളയുന്നത് പലതാണ്. ഞാനെന്ന ഭാവം, അല്ലാഹുവിന് കീഴ്‌പ്പെടാൻ തയ്യാറല്ലാത്ത ജീവിതം, ജീവിതത്തിലെ പൈശാചിക ചിന്തകൾ.. ഏറ് കഴിഞ്ഞ് വിശ്വാസികൾ ഇവിടെ നിന്ന് പ്രാർഥിക്കുന്നു. റബ്ബേ, നിനക്കായി മാത്രം ഞാനിതാ സമർപ്പിച്ചിരിക്കുന്നു എന്ന്..
ഇവിടെ നിന്ന് ഹാജിമാർ കഅ്ബക്കരികിലേക്ക് ഹജ്ജിന്റെ ത്വവാഫിനായി എത്തി. അവിടെ കഅബയെ വലയം ചെയ്യുന്നു. ഇബ്രാഹിം നബിയുടെ ഭാര്യ ഹാജറാ ബീവി ഭർത്താവ് ദൈവ നിർദേശ പ്രകാരം നീങ്ങിയപ്പോൾ കുഞ്ഞിന് വെള്ളത്തിനായി ഓടിയതാണ് സഫാ മർവാ കുന്നുകൾ. അവക്കിടയിലൂടെ വിശ്വാസികൾ ആ ഓർമകളുമായി ഓടുന്നു. സ്ത്രീകൾക്ക് ഇവിടെ ഓട്ടം നിർബന്ധമില്ല. ഹാജറാ ബീവിയുടെ ഓട്ടം സ്ത്രീകൾക്കുള്ളതായിരുന്നല്ലോ..
ഹാജറാ ബീവിയുടെ വലയുന്ന ഓട്ടത്തിനൊടുവിലാണ് മകൻ ഇസ്മാഈലിന്റെ കാലിട്ടടിച്ച ഇടത്ത് സംസമിന്റെ ഉറവ. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഇന്നും വറ്റാത്ത സംസം. അതിന്റെ നീരിനാൽ തൊണ്ട നനച്ചാണ് വിശ്വാസികൾ ത്വവാഫ് പൂർത്തിയാക്കുന്നത്.
ബലി പെരുന്നാൾ ദിനമായ ഇന്ന് ഇബ്രാഹിം നബിയുടെയും മകന്റെയും ചരിത്രം പുതുക്കിയാണ് വിശ്വാസികൾ ബലിയറുക്കുന്നത്. ഏറ്റവും പ്രിയമായി വളർത്തിയ ബലിമൃഗത്തേയാണ് അതിന് വിശ്വാസികൾ ഉപയോഗിക്കേണ്ടത്. ഇത് പക്ഷേ ഹജ്ജിൽ ലക്ഷങ്ങളെത്തുന്നതിനാൽ ഭരണകൂടം കൂപ്പൺ നൽകി ഓരോരുത്തർക്കായി ബലിയറുക്കും. ഇവയുടെ മാംസം ദരിദ്ര രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കും. ബലി കർമം കഴിയുന്ന ഹാജിമാർ മുടിമുറിച്ച് ഹജ്ജിന്റെ വേഷത്തിൽ നിന്ന് ഒഴിയും. പക്ഷേ ഹജ്ജിൽ നിയന്ത്രണമുള്ള കാര്യങ്ങളെല്ലാം അതു പോലെ തുടരണം. ഇന്ന് ഏതാണ്ട് പതിനഞ്ച് കിലോ മീറ്ററിലേറെ ഹാജിമാർ ഈ കർമങ്ങൾക്കെല്ലാം നടക്കണം.
ഹജ്ജ് ഒരു ഹാജിയെ അടിമുടി മാറ്റുന്നത് ഇങ്ങിനെയെല്ലാമാണ്. തിരികെ മിനായിലെ തമ്പുകളിലെത്തുന്ന ഹാജിയുടെ ഉള്ള് ദൈവത്തിനു വേണ്ടി പൊള്ളലേറ്റവന്റേതാണ്. തളർന്ന അവരുടെ ശരീരം ഇബ്രാഹിം നബിയുടെ ത്യാഗത്തിനാൽ വിയർത്തതാണ്.
Adjust Story Font
16

