ഹജ്ജ്: ആദ്യദിനമെത്തിയത് വിവിധരാജ്യങ്ങളിൽ നിന്നായി 30 വിമാനങ്ങൾ
എമിഗ്രേഷൻ നടപടികൾ നാട്ടിൽ തന്നെ പൂർത്തിയാക്കുന്നതിനായി മക്ക റൂട്ട് പദ്ധതിയും ഇത്തവണ നടപ്പാക്കിയിട്ടുണ്ട്

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാർ സൗദി അറേബ്യയിലെ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ എത്തിത്തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യദിനം 30 വിമാനങ്ങളാണ് എത്തിയത്. പാകിസ്ഥാൻ, തുർക്കി, അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലൻ്റ് എന്നീ രാജ്യങ്ങളിൽ നിന്നായി ഏകദേശം 30 വിമാനങ്ങളാണ് ആദ്യദിനം എത്തിച്ചേർന്നത്. ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്.
തീർഥാടകരുടെ എമിഗ്രേഷൻ നടപടികൾ നാട്ടിൽ നിന്ന് തന്നെ പൂർത്തിയാക്കുന്നതിനായി മക്ക റൂട്ട് പദ്ധതിയും ഇത്തവണ നടപ്പാക്കിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയ ആദ്യ തീർഥാടക സംഘം എത്തിയത്. സ്വന്തം രാജ്യത്തെ വിമാനത്താവളത്തിൽ വെച്ച് തന്നെ ഇമിഗ്രേഷൻ, ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കുന്നതിനാൽ, തീർഥാടകർക്ക് ജിദ്ദയിൽ ഇറങ്ങിയ ഉടൻ തന്നെ പാസ്‌പോർട്ട് കൗണ്ടറുകളിൽ കാത്തുനിൽക്കാതെ നേരിട്ട് ബസുകളിലേക്ക് കയറാൻ സാധിക്കുന്നു. തീർഥാടകരുടെ ലഗേജുകൾ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നേരിട്ട് അവരുടെ താമസസ്ഥലങ്ങളിൽ എത്തിക്കും. മക്ക റൂട്ട് പദ്ധതിയിലൂടെ എത്തിയ ആദ്യ സംഘം തീർഥാടകരെ സ്വീകരിക്കുന്നതിനിടെ, ഹജ്ജ് സേവനങ്ങളിൽ ആധുനിക സാങ്കേതികവിദ്യയുടെ പ്രാധാന്യം ഗതാഗത ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് ബിൻ നാസർ അൽ ജാസിർ ഊന്നിപ്പറഞ്ഞു.
അതേസമയം ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിലെ ഹോട്ടലുകളുടെയും മറ്റ് താമസസൗകര്യങ്ങളുടെയും സജ്ജീകരണം സൗദി വിനോദസഞ്ചാര മന്ത്രാലയം വിലയിരുത്തി. മക്ക ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ മന്ത്രാലയ പ്രതിനിധികളും നിക്ഷേപകരും പങ്കെടുത്തു. തീർഥാടകർക്കായി ഒരുക്കുന്ന താമസ സൗകര്യങ്ങൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഭാഷകളിൽ മാർഗനിർദേശങ്ങൾ നൽകുന്നതിനും സഹായത്തിനുമായി പ്രത്യേക സംഘങ്ങൾ രംഗത്തുണ്ട്. മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്ര സുഗമമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഏകോപിതമായാണ് പ്രവർത്തിക്കുന്നത്.
Adjust Story Font
16

