അറഫാ സംഗമം; ഹാജിമാർ വൈകുന്നേരം 4 മണി വരെ ക്യാമ്പുകളിൽ തുടരണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം
തിരക്ക് ഒഴിവാക്കുന്നതിനും തീർഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് നിർദേശം

ജിദ്ദ: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സംഗമവുമായി ബന്ധപ്പെട്ട് ഹാജിമാർക്ക് കർശന നിർദേശങ്ങൾ നൽകി ഹജ്ജ്-ഉംറ മന്ത്രാലയം. പകൽ സമയത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തീർഥാടകർ വൈകുന്നേരം 4 മണി വരെ അവരുടെ ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കുന്നതിനും തീർഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് മന്ത്രാലയം നിർദേശം നൽകിയത്. അറഫാ ദിനത്തിൽ 45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അറഫാ പ്രഭാഷണം വിവിധ ദൃശ്യ മാധ്യമങ്ങൾ വഴി എല്ലാ ക്യാമ്പുകളിലും തത്സമയം സംപ്രേഷണം ചെയ്യുന്നതിനാൽ ആവശ്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രാലയം നിർദേശിച്ചു. തീർഥാടകർക്ക് നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെ അല്ലാതെ മറ്റ് പാതകളിലൂടെ സഞ്ചരിക്കരുതെന്നും അപകടസാധ്യതയുള്ളതിനാൽ ജബലു റഹ്മ മലയുടെ മുകളിലേക്ക് കയറുന്നതിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Adjust Story Font
16

