ഹജ്ജ്: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും; സ്വീകരണത്തിന് വിപുലമായ ഒരുക്കങ്ങൾ
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുടെ യാത്ര ഏപ്രിൽ 30 മുതലാണ് ആരംഭിക്കുന്നത്

മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം നാളെ സൗദിയിലെത്തും. മുംബൈയിൽ നിന്നുള്ള 400 തീർഥാടകർ അടങ്ങുന്ന ആദ്യ വിമാനം ഇന്ത്യൻ സമയം രാവിലെ പത്തരയോടെ മദീനയിലെത്തും. ഗുവാഹത്തി, കൊൽക്കത്ത, ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി പത്ത് വിമാനങ്ങളാണ് ആദ്യദിനം എത്തുന്നത്. പ്രവാചക നഗരിയായ മദീനയിലെ എട്ടു ദിവസത്തെ സന്ദർശനത്തിനും പ്രാർഥനകൾക്കും ശേഷമായിരിക്കും ഇവർ മക്കയിലേക്ക് തിരിക്കുക. തീർത്ഥാടകരെ സ്വീകരിക്കാനായി സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസി, കോൺസുലേറ്റ് പ്രതിനിധികളും വിമാനത്താവളത്തിലെത്തും.
സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര തിരിക്കുന്ന മലയാളി ഹാജിമാരും നാളെ ജിദ്ദ വഴി മക്കയിലെത്തും. എന്നാൽ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർത്ഥാടകരുടെ യാത്ര ഏപ്രിൽ 30 മുതലാണ് ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും നാളെ മുതൽ പുണ്യഭൂമിയിലേക്ക് എത്തിത്തുടങ്ങുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ സജീവമായിക്കഴിഞ്ഞു.
Adjust Story Font
16

