മുൻഗണന കഴിഞ്ഞു!; കഴിഞ്ഞ 5 വർഷത്തിനിടെ ഹജ്ജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്കും ഏപ്രിൽ 18 മുതൽ അപേക്ഷിക്കാം
നിർദ്ദിഷ്ട ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നത് നിർബന്ധമാണ്

ജിദ്ദ: സൗദിയിൽ നിന്നും ഹജ്ജിന് പോകുന്നവർക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നു. മുൻവർഷങ്ങളിൽ ഹജ്ജ് നിർവഹിച്ചവർക്കും ഹജ്ജിന് അവസരം നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും സൗദിയിൽ ഇഖാമയുള്ള വിദേശികൾക്കും കുടുംബങ്ങൾക്കും ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്ജ് നിർവഹിച്ചവർക്കും അവസരം നൽകുന്നതാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
അടുത്ത ശനിയാഴ്ച ഇത്തരത്തിൽ രജിസ്ട്രേഷന്റെ അടുത്ത ഘട്ടത്തിന് തുടക്കമാകും. 'നുസുക്' ആപ്ലിക്കേഷൻ വഴി ലഭ്യമായ ഒഴിവുകൾ അനുസരിച്ചായിരിക്കും ഇവർക്ക് അനുമതി നൽകുക. ഇതുവരെ ഹജ്ജ് നിർവഹിക്കാത്തവർക്കായിരുന്നു ആദ്യ ഘട്ടത്തിൽ മുൻഗണന. നിലവിൽ സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ മാത്രമേ നേരത്തെ ഹജ്ജ് ചെയ്തവർക്ക് ഈ ഘട്ടത്തിൽ അവസരം ലഭിക്കൂ. കുറഞ്ഞത് 15 വയസ്സ് പ്രായമുള്ള സ്വദേശികൾക്കും ഇഖാമ കാലാവധിയുള്ള താമസക്കാർക്കും ഇതിൽ അപേക്ഷിക്കാനാകും.
ബുക്ക് ചെയ്താൽ പണമടക്കാൻ 72 മണിക്കൂർ സമയമാണ് അനുവദിക്കുന്നത്. എന്നാൽ മെയ് 15 മുതൽ പണമടക്കാനുള്ള സമയപരിധി ആറു മണിക്കൂറായി കുറയ്ക്കും. കൂടുതൽ പേർക്ക് ബുക്കിംഗ് സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിശ്ചിത സമയത്തിനകം പണമടക്കാത്ത പക്ഷം ബുക്കിംഗുകൾ സ്വയമേ റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 1966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Adjust Story Font
16

