ഹജ്ജ് ഒരുക്കം തകൃതി; മക്കയിൽ കഅബയുടെ മോടിപിടിപ്പിക്കലും ഉറപ്പു പരിശോധിക്കലും പുരോഗമിക്കുന്നു
ആരാധനാ കർമങ്ങൾക്ക് തടസമില്ലാതെയാണ് ക്രമീകരണം

ജിദ്ദ: മക്കയിൽ കഅബയുടെ മോടിപിടിപ്പിക്കലും ഉറപ്പു പരിശോധിക്കലും പുരോഗമിക്കുന്നു. ഹജ്ജിന്റെ മുന്നോടിയായാണ് കഅബയുടെ ഉൾഭാഗമുൾപ്പെടെ ഉള്ള ജോലികൾ പൂർത്തിയാക്കുന്നത്. ആരാധനാ കർമങ്ങൾക്ക് തടസമില്ലാതെയാണ് ക്രമീകരണം. വിശുദ്ധ കഅബയിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചതാണ് അറ്റകുറ്റപണികൾ.
മേൽക്കൂര, ഉൾഭിത്തികൾ, തറ, ചുമരുകൾ എന്നിവിടങ്ങളിലെ അറ്റകുറ്റപണികളും പരിപാലനവുമാണ് പ്രധാന ജോലി. ക്ലീനിങ്, മെന്റനൻസ്, വൈദ്യുതി, ലൈറ്റിങ്, എയർ കണ്ടീഷനിങ്, കിസ്‌വയുടെ പരിശോധന തുടങ്ങിയവയും ജോലിയുടെ ഭാഗമാണ്. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിൽ ജോലികൾ പൂർത്തിയാവുന്നത്.
ദൈവിക ഭവനത്തോടുള്ള ബഹുമാനത്തിന്റെയും ആദരവിന്റെയും പ്രതിഫലനമാണ് കഅബയിൽ നടത്തുന്ന പരിപാലന പ്രവർത്തനങ്ങളെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ചുറ്റുമതിലിനുള്ളിലായതിനാൽ കഅബയെ സ്പർശിക്കാനോ, ഹജറുല്‍ അസ്‌വദ് കാണാനോ ചുംബിക്കാനോ സാധിക്കില്ല. വിശ്വാസികൾക്ക് ത്വവാഫും നമസ്കാരം ഉൾപ്പെടെയുള്ള മറ്റു ആരാധനകളും തടസങ്ങളില്ലാതെ പൂർത്തിയാക്കാനാവും. ഹജ്ജിന്റെ മുന്നോടിയായാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നത്.
Adjust Story Font
16

