ഹജ്ജ് കർമങ്ങൾക്ക് തുടക്കം; തീർഥാടകർ ഇന്ന് രാത്രി മുതൽ അറഫയിലേക്ക്
15 ലക്ഷത്തിലേറെ തീർഥാടകർ മിനായിൽ

മക്ക: ഹജ്ജ് കർമങ്ങൾക്ക് തുടക്കം. മിനായിൽ തങ്ങുന്ന ഹാജിമാർ ഇന്ന് രാത്രി മുതൽ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിൽ 20 ലക്ഷത്തിനടുത്ത് തീർഥാടകരാണ് പങ്കെടുക്കുക.
അതേസമയം, ലബ്ബൈക് മന്ത്രങ്ങളോടെ പ്രാർഥനാ നിർഭരമാണ് മിനായിലെ തമ്പുകൾ. ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരടക്കം 20 ലക്ഷത്തിനടുത്ത് ഹാജിമാർ മിനായിലേക്കെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇന്ന് വൈകീട്ട് വരെ മിനായിലേക്ക് ഹാജിമാരെത്തിയിരുന്നു. ഹജ്ജ് തീരും വരെ മിനായിലാണ് ഹാജിമാർ തങ്ങുക. മിനായിൽ അറഫയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി മാനസികമായ തയ്യാറെടുപ്പുകളും തീർഥാടകർ പൂർത്തിയാക്കി.
നാളെ ഉച്ചക്ക് മുന്നോടിയായി മുഴുവൻ ഹാജിമാരും അറഫയിലെത്തും. സൂര്യാസ്തമയം വരെ പാപമോചന പ്രാർഥനകളുമായി അവിടെ തങ്ങണം. പിന്നീട് മുസ്ദലിഫയിൽ രാപ്പാർത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കർമം, ഹജ്ജിന്റെ ത്വവാഫ്, ബലി കർമം എന്നിങ്ങിനെ കിലോമീറ്ററുകൾ താണ്ടേണ്ട തിരക്കേറിയ യാത്രയിലേക്കാണ് തീർഥാടകർ പ്രവേശിക്കാൻ പോകുന്നത്. ശനിയാഴ്ച വരെ ഹജ്ജിന്റെ കർമങ്ങൾ നീളും.
Adjust Story Font
16

