ഇറാൻ യുദ്ധത്തിൽ പുതിയ രൂപത്തിൽ ഹിസ്ബുള്ള
യുദ്ധത്തിന് മുന്നേ ഹിസ്ബുള്ളയെ ഇറാനിലെ പ്രത്യേക സംഘമെത്തി ഇസ്രായേലിനെതിരെ പരിശീലിപ്പിച്ചു

റിയാദ്: ഗസ്സ യുദ്ധത്തിനിടെ നാമാവശേഷമാക്കിയ ഹിസ്ബുള്ളയെ വീണ്ടും സജീവമാക്കിയത് ഇറാനിലെ ഐ.ആർ.ജി.സിയെന്ന് റിപ്പോർട്ടുകൾ. ഇറാൻ റെവല്യൂഷനറി ഗാർഡിന്റെ മാതൃകയിൽ ഓരോ പ്രദേശത്തിനും പ്രത്യേകം സൈനിക നേതൃത്വത്തെ നിശ്ചയിച്ചത് ഇസ്രായേലിന് തിരിച്ചടിയായെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗസ്സ യുദ്ധം കഴിഞ്ഞപ്പോൾ തന്നെ ഇസ്രായേലിന്റെ ആക്രമണം മുൻകൂട്ടി കണ്ട് ഇറാൻ പരിശീലകരെ ലെബനാനിലേക്ക് അയച്ചിരുന്നു.
ഇസ്രായേൽ, യുഎസ് സഖ്യത്തിന്റെ ഇറാൻ ആക്രമണത്തോടെ വീണ്ടും ശ്രദ്ധ നേടിയിരുന്നു ലെബനാനിലെ ഷിയാ രാഷ്ട്രീയ പാർട്ടിയും സായുധ സൈനിക വിഭാഗവുമായ ഹിസ്ബുള്ള. വിവിധ പാശ്ചാത്യ രാജ്യങ്ങളുടേയും യുഎസ് അനുകൂല സഖ്യങ്ങളുടേയും പട്ടികയിൽ നിരോധിതമാണ് സംഘടന. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഇസ്രായേലിനെതിരെ കനത്ത ആക്രമണം നടത്തിയിരുന്നു. അന്ന് ഇസ്രായേലിന്റെ വൻ തിരിച്ചടിയിൽ ഹിസ്ബുള്ളയുടെ ഭൂരിഭാഗാം നേതാക്കളും കൊല്ലപ്പെട്ടു. എന്നാൽ ഗസ്സ യുദ്ധം കഴിഞ്ഞയുടനെ ചരിത്രത്തിലില്ലാത്ത വിധം ഇറാൻ ഹിസ്ബുള്ളയെ പുനസംഘടിപ്പിച്ചു. ഐ.ആർ.ജിസി മാതൃകയിൽ ഒറ്റ നേതൃത്വത്തിന് കീഴിലല്ലാതെ വിവിധ പ്രദേശങ്ങൾക്ക് പ്രത്യേകം കമാന്റുകളാക്കിയാണ് ഹിസ്ബുള്ളയുടെ ഘടന മാറ്റി പണിതത്. ഇതോടെ നേതൃത്വം കൊല്ലപ്പെട്ടാലും ഘടന കൃത്യമായി പ്രവർത്തിക്കും. ഇത് ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഹമാസിനും ഹിസ്ബുള്ളക്കും ശേഷം ഇസ്രായേൽ ഇനിയെത്തുക ഇറാനിലേക്കാണെന്ന് തിരിച്ചറിഞ്ഞ് വിവിധ രാജ്യങ്ങളിലെ അനുകൂല കക്ഷികളെ തയ്യാറെടുപ്പിക്കുകയായിരുന്നു ഇറാൻ. ഹിസ്ബുള്ളയുടെ മിസൈൽ ശേഖരം അപ്പാടെ തകർത്തെന്നായിരുന്നു ഇസ്രായേലിന്റെ അവകാശ വാദം. എന്നാൽ ഇറാൻ യുദ്ധം തുടങ്ങിയതോടെ നൂറുകണക്കിന് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ലെബനാനിൽ നിന്നും പറന്നുയർന്നു. വടക്കൻ ഇസ്രായേലിൽ വൻ നാശനഷ്ടം സൃഷ്ടിച്ചതോടെ ഇസ്രായേൽ കര സേന ലെബനാനിൽ പ്രവേശിച്ചു. ലെബനാനിലെ ഔദ്യോഗിക ഭരണകൂടം ഹിസ്ബുള്ളക്ക് എതിരാണ്.
ഹിസ്ബുള്ളയെ നിരായുധീകരിക്കാതെ ലെബനാനിൽ ആക്രമണം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. തെക്കൻ ലെബനാനിൽ ഇസ്രായേൽ സൈന്യം ഭൂമി പിടിച്ചെടുത്തു. ബെയ്റൂത്ത് ഉൾപ്പെടെ ഇസ്രായേൽ തരിപ്പണമാക്കി ആയിരത്തിലേറെ സാധാരണക്കാരെ കൊന്നെങ്കിലും ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം നിലച്ചിട്ടില്ല. 1982ൽ സ്ഥാപിതമായ ഹിസ്ബുള്ളയുടെ ഏറ്റവും സജീവമായ മറ്റൊരു സായുധ ഏറ്റുമുട്ടലാണ് ഇസ്രായേൽ കരസേനയുമായി ഇപ്പോൾ നടക്കുന്നത്.
ഗസ്സ വെടിനിർത്തൽ സാധ്യത വന്നതോടെ 2024ൽ ഹിസ്ബുള്ളയെ പരിശീലിപ്പിക്കാൻ 100 സൈനിക ഉദ്യോഗസ്ഥർ ഇറാനിൽ നിന്നും ലെബനാനിലെത്തിയെന്നാണ് ലെബനാൻ ഭരണകൂടത്തിന്റെ തന്നെ റിപ്പോർട്ട്. അവർ ഹിസ്ബുള്ള ഫൈറ്റർമാരെ പുനഃപരിശീലിപ്പിക്കുകയും ആയുധങ്ങൾ എത്തിക്കുകയും ചെയ്തു. ഒരു സമയം ഇറാനും ഹിസ്ബുള്ളയും തിരിച്ചടിച്ചത് ഇസ്രായേലിന് വെല്ലുവിളിയായി. ഇതോടെ പൂർണ ശ്രദ്ധ ഇറാനിലേക്ക് കൊടുക്കാനും കഴിയുന്നില്ല. റഷ്യയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു എന്നാണ് റോയിട്ടേഴ്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Adjust Story Font
16

