യുഡിഎഫിന് ചരിത്ര വിജയം; ആഘോഷമാക്കി റിയാദ് കെഎംസിസി പ്രവർത്തകർ
വിജയിച്ചവർക്ക് പ്രവർത്തകർ അഭിവാദ്യം അറിയിച്ചു

റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയം റിയാദിലെ കെഎംസിസി പ്രവർത്തകർ ആഘോഷമാക്കി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം കൊണ്ടാടിയത്. കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ സിപിഎം നടത്തിയ വിഭജന രാഷ്ട്രീയത്തിന് കിട്ടിയ വലിയ തിരിച്ചടിയാണ് യുഡിഎഫിന്റെ ചരിത്ര വിജയം. ഭൂരിപക്ഷ വോട്ടുകൾക്ക് വേണ്ടി അവർ നടത്തിയ പ്രചരണത്തിന്റ ഗുണം ചില കേന്ദ്രങ്ങളിൽ ബിജെപിക്കാണ് ലഭിച്ചത്. ശബരിമലയിലെ സ്വർണ്ണകൊള്ളയും പി.എം.ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച ഇടതു സർക്കാർ തീരുമാനവും ജനങ്ങൾക്കിടയിൽ ചർച്ചയായതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെ നേരിടാൻ യുഡിഎഫിന് ഈ ഫലം ഗുണം ചെയ്യുമെന്നും അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.
റിയാദിൽ നിന്ന് കെഎംസിസി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഒരുപാട് പേർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അവരിൽ ഭൂരിഭാഗം പേരും വലിയ വിജയം നേടി. വിജയിച്ചവർക്ക് പ്രവർത്തകർ അഭിവാദ്യം അറിയിച്ചു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, റിയാദ് ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഫി മാസ്റ്റർ തുവ്വൂർ, ഷമീർ പറമ്പത്ത്, അഡ്വ അനീർ ബാബു, അഷ്‌റഫ് കൽപകഞ്ചേരി, ജില്ലാ കെഎംസിസി ഭാരവാഹികളായ സുഹൈൽ കൊടുവള്ളി, സഫീർ പറവണ്ണ, മുക്താർ പി ടി പി, മുഹമ്മദ് കുട്ടി മുള്ളൂർക്കര, എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.
Adjust Story Font
16

