ഹൂതികളുടെ കപ്പൽ ഉപരോധം; സൗദിയുടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ്
സൂയസ് കനാൽ വഴി ചരക്കു നീക്കം വർധിപ്പിക്കുന്നുണ്ട്

റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ് സംഭവിച്ചതായി അന്താരാഷ്ട്ര ഏജൻസികൾ. കപ്പലുകൾ ജിപിഎസ് ഓഫ് ചെയ്തും ചരക്കു നീക്ക കമ്പനികൾ ഷിപ്പിങ് ഡാറ്റയിൽ മാറ്റം വരുത്തിയാണ് നിലവിൽ ചരക്കു നീക്കം നടത്തുന്നത്. ഇതിനാൽ തന്നെ വലിയ പ്രത്യാഘാതം ഉപരോധം സൗദിക്ക്മേൽ സൃഷ്ടിച്ചിട്ടില്ല.
യമനിലെ ആക്രമണം ചൂണ്ടിക്കാട്ടി സൗദിക്ക് മേൽ ഹൂതികൾ പ്രഖ്യാപിച്ച കപ്പൽ ഉപരോധം ഒരാഴ്ചയാവുകയാണ്. ഇതിനകം ഡസണിലേറെ കപ്പലുകൾ ഹൂതി മുന്നറിയിപ്പിൽ മടങ്ങി. നാല് കപ്പലുകൾക്ക് മേൽ ആക്രമണം നടന്നു. ആക്രമണ ഭയത്തിൽ ബാബ് അൽ മന്ദബ് വഴിയുള്ള ചരക്കു നീക്കത്തിൽ കുറവ് വന്നിട്ടുണ്ട്.
പ്രമുഖ കപ്പൽ ഗതാഗത ഡാറ്റാ സ്ഥാപനമായ കെപ്ലർ പുറത്തു വിട്ട കണക്ക് ഇങ്ങിനെയാണ്. ഞായറാഴ്ച 11 ചരക്കു കപ്പലുകൾ മാത്രമാണ് ബാബ് അൽ മന്ദബിലൂടെ കടന്നുപോയത്. കടന്നുപോയതിൽ 7 എണ്ണവും ഓയിൽ ടാങ്കറുകളാണ്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ശനിയാഴ്ച ഹൂതികൾ യാമ്പു, ജിസാൻ അരാംകോ പ്ലാന്റുകൾ ലക്ഷ്യം വെച്ചതാണ് ഇതിന് കാരണമായത്. അതേസമയം സൗദി തുറമുഖങ്ങളിലെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയതൊഴിച്ചാൽ സേവനങ്ങൾ സജീവമാണ്.
ഹൂതികളെ മറികടക്കാൻ വെസലുകളും ടാങ്കറുകളും ട്രാക്കർ ഓഫ് ചെയ്തും കപ്പലുകളുടെ വിവരങ്ങൾ മാറ്റിയുമാണ് ഇതുവഴി കടന്നു പോകുന്നത്. ഹൂതികൾ സൗദി കപ്പലുകളേയാണ് ലക്ഷ്യം വെക്കുന്നത്. ഇതിനാൽ വിവരങ്ങൾ മാറ്റി പോകുന്നതിനാൽ എളുപ്പത്തിൽ ഇവയെ കണ്ടെത്താൻ കഴിയില്ല. അതേസമയം ഭീതി നിലനിൽക്കുന്നതിനാൽ വൻ നിരക്കാണ് കപ്പലുകളുടെ ഇൻഷൂറസൻസ് തുകയിൽ വന്നത്. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്കൻ വിപണികളിൽ ക്രൂഡ് ഓയിൽ വില രണ്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്. ഫലത്തിൽ നിലവിൽ ആഘാതം ഈ രാജ്യങ്ങളിലാണ്. അതിനാൽ ഇവർ നിരക്ക് കുറയാൻ സൗദി ഇതര വഴികൾ തേടും. ഇത് മറികടക്കാൻ സൗദി, ഹൂതി സാന്നിധ്യമില്ലാത്ത സൂയസ് കനാൽ വഴി ചരക്കു നീക്കം വർധിപ്പിക്കുന്നുണ്ട്.
Adjust Story Font
16

