സൗദി തീരത്തിനടുത്ത് ആക്രമണം നടത്തി ഹൂതികൾ
ഇസ്രായേൽ ഉടമസ്ഥതയിലുള്ള സ്കാർലറ്റ് റേ എന്ന കെമിക്കൽ ടാങ്കറിനെയാണ് ലക്ഷ്യം വെച്ചത്

റിയാദ്: ഇസ്രായേൽ കപ്പലിനെ ലക്ഷ്യം വെച്ച് ഹൂതികൾ സൗദി തീരമായ യാമ്പുവിനടുത്ത് ആക്രമണം നടത്തി. യാമ്പുവിൽ നിന്നും 40 നോട്ടിക്കൽ മൈൽ അകലയൊയിരുന്നു ആക്രമണം. ഇസ്രായേൽ ഉടമസ്ഥതയിലുള്ള സ്കാർലറ്റ് റേ എന്ന കെമിക്കൽ ടാങ്കറിനെയാണ് ഹൂതികൾ ലക്ഷ്യം വെച്ചത്. ലൈബീരിയൻ പതാകയുള്ള ഈ കപ്പലിന്റെ ഉടമസ്ഥ കമ്പനി സിംഗപ്പൂർ ആസ്ഥാനമായ ഈസ്റ്റേൺ പസഫിക് ഷിപ്പിങ്ങാണ്. ഇസ്രായേൽ സമ്പന്നനായ ഇദാൻ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ആക്രമണത്തിന് ഉപയോഗിച്ച മിസൈൽ കപ്പലിന് സമീപമാണ് പതിച്ചത്. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി വ്യക്തമാക്കി.
യുകെ ആസ്ഥാനമായ വാൻഗാർഡ് ടെക് എന്ന മാരിടൈം റിസ്ക് മാനേജ്മെന്റ് കമ്പനിയുടെ ഇന്റലിജൻസ് മേധാവി എല്ലി ഷഫിക് ആക്രമണ വിവരങ്ങൾ സ്ഥിരീകരിച്ചു. പ്രൊജക്ടൈൽ കപ്പലിൽ തട്ടിയില്ലെങ്കിലും, ഈ ആക്രമണം ഹൂതികളുടെ ശക്തി പ്രകടനമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഹൂതി മന്ത്രിമാർക്കെതിരായ ഇസ്രായേൽ ആക്രമണത്തിനുള്ള പ്രതികരണമാണെന്നാണ് വിലയിരുത്തൽ. 2023 മുതൽ, ഗസ്സയിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഇസ്രായേലുമായി ബന്ധമുള്ളതെന്ന് കരുതുന്ന കപ്പലുകളെ ഹൂതികൾ ചെങ്കടലിൽ ആക്രമിച്ചിട്ടുണ്ട്.
Adjust Story Font
16

