ഇസ്രായേലിനുള്ള മുന്നറിയിപ്പ് അവസാനിച്ചു; ചെങ്കടലിൽ വീണ്ടും കപ്പലാക്രമണത്തിന് ഹൂതികൾ
നാല് ദിവസത്തിനകം ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ പ്രവേശിപ്പിച്ചില്ലെങ്കിൽ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്

ഗസ്സയിലേക്ക് ട്രക്കുകൾ തടഞ്ഞ ഇസ്രായേലിനെതിരെ കപ്പലാക്രമണം പുനരാരംഭിക്കാൻ യമനിലെ ഹൂതികൾ. നാല് ദിവസത്തിനകം ഭക്ഷ്യ, മരുന്ന് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കിൽ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. നാല് ദിനം കഴിഞ്ഞതോടെ യമൻ തീരം വഴി സർവീസ് നടത്തുന്ന ഷിപ്പിങ് ലൈനുകളെല്ലാം ആശങ്കയിലാണ്.
ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 2 മുതൽ ഗസ്സക്കാരെ പട്ടിണിക്കിട്ടിരിക്കുകയാണ് ഇസ്രായേൽ. പുറമെ നിന്നുള്ള ഭക്ഷ്യ സഹായ ട്രക്കുകളെ ഗസ്സയിലേക്ക് വിടുന്നില്ല. ഇത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഇസ്രായേലിലേക്ക് പോകുന്ന കപ്പൽ ആക്രമിക്കുമെന്നുമാണ് വെള്ളിയാഴ്ച ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. മുന്നറിയിപ്പ് സമയം കഴിഞ്ഞതോടെ ഹൂതികൾ ആക്രമണം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2023 നവംബർ മുതൽ ഗസ്സക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ നൂറിലേറെ ആക്രമണം കപ്പലുകൾക്ക് നേരെ നടത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം കടലിൽ മുക്കി. മറ്റൊന്നിലെ ആക്രമണത്തിൽ കപ്പൽ പിടിച്ചെടുത്ത് നാല് പേരെ വധിച്ചു. അന്ന് മുതൽ സ്തംഭിച്ച ഏദൻ കടലിടുക്ക് വഴി ബാബ് അൽ മന്ദബ് വഴി പ്രവേശിച്ച് സൂയസ് കനാൽ വഴി യൂറോപ്പിലേക്ക് പോകുന്ന പാത ഇതുവരെ പഴയ പടി ആയിട്ടില്ല. കപ്പലുകൾ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങൾ അധികം യാത്ര ചെയ്താണ് സഞ്ചരിച്ചത്.
ജിദ്ദ പരമാവധി ഒഴിവാക്കി കിഴക്കൻ പ്രവിശ്യ വഴിയാണ് സൗദി അന്ന് ഷിപ്പിങ് ലൈനുകൾ പ്രവർത്തിപ്പിച്ചത്. വൻ വിലയേറ്റം ഇത് സൃഷ്ടിച്ചിരുന്നു. വെടിനിർത്തൽ വന്നതോടെ ചില ഷിപ്പിങ് ലൈനുകൾ വീണ്ടും സൂയസ് കനാൽ വഴി യാത്ര തിരിച്ചു. ഹൂതികളുടെ പുതിയ പ്രഖ്യാപനത്തോടെ ഇവർ വീണ്ടും ആശങ്കയിലാണ്. ജിസിസി രാജ്യങ്ങളേയും ഇത് ബാധിക്കും. ഹൂതികൾക്കെതിരെ ഇസ്രായേലും യുഎസും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയെങ്കിലും ഇവർ പിന്മാറിയിരുന്നില്ല. ഇതോടെ ഹൂതികളെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ച് ഉപരോധമേർപ്പെടുത്തി. യമന്റെ ഭൂരിഭാഗവും നിലവിൽ ഹൂതി നിയന്ത്രണത്തിലാണ്. ഗസ്സക്ക് അനുകൂലമായി വൻ പ്രതിഷേധം ഇവിടെ നടക്കുന്നുണ്ട്.
Adjust Story Font
16

