സൗദിയിലെ പുണ്യസ്ഥലങ്ങളിലേക്കുള്ള പാതകളിൽ 10 മസ്ജിദുകൾ നിർമിച്ച് ഇഹ്സാൻ
5 എണ്ണം ഉടൻ തുറക്കും

റിയാദ്: സൗദിയിലെ ദേശീയ ജീവകാരുണ്യ പ്ലാറ്റ്‌ഫോമായ ഇഹ്സാൻ, ഹജ്ജ് ഉംറ തീർഥാടകർ യാത്ര ചെയ്യുന്ന പ്രധാന പാതകളിൽ 10 മസ്ജിദുകളുടെ നിർമാണം വിജയകരമായി പൂർത്തിയാക്കി. ഇതിനുപുറമേ, തീർഥാടകർക്കായി 5 മസ്ജിദുകൾ കൂടി ഉടൻ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
പുണ്യസ്ഥലങ്ങളിലേക്ക് പോകുന്ന പാതകളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആരാധനാലയങ്ങൾ ഒരുക്കുന്നതിലൂടെ തീർഥാടകർക്ക് മികച്ച ആത്മീയ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇഹ്സാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജ്, ഉംറ സീസണുകളിൽ ഈ മസ്ജിദുകളിൽ ഓരോന്നിലും ശരാശരി 9,000 ഭക്തർക്ക് ഒരേസമയം നമസ്കരിക്കാനുള്ള സൗകര്യമുണ്ട്.
തീർഥാടകരുടെ അടിസ്ഥാന ആവശ്യങ്ങൾ മുൻനിർത്തിയാണ് പള്ളികൾ പണിതിരിക്കുന്നത്. വിശാലമായ പ്രാർഥനാ ഹാളുകൾ, വുദു എടുക്കാനുള്ള സ്ഥലങ്ങൾ, ശൗചാലയങ്ങൾ, എയർ കണ്ടീഷനിങ്, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹൈവേകളിലെ മസ്ജിദുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'സൊസൈറ്റി ഫോർ കെയർ ഓഫ് റോഡ് മോസ്ക്സ്' എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പാക്കിയത്. ഉയർന്ന എഞ്ചിനീയറിങ് നിലവാരത്തിൽ ഇവയുടെ നിർമാണവും ദൈനംദിന അറ്റകുറ്റപ്പണികളും ഈ സംഘടനയാണ് നിർവ്വഹിക്കുന്നത്.
സൗദി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പരസ്പര സഹകരണത്തിന്റെയും പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് ഇഹ്സാൻ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഹജ്ജ് ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, സന്നദ്ധ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
Adjust Story Font
16

