സൗദിയിലെ ഉപഭോക്തൃ ഫണ്ടിംഗ് ഏജൻസികളുടെ വരുമാനത്തിൽ വർധനവ്
ടാബിയുടെയും തമാരയുടെയും വരുമാനത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയത്

ദമ്മാം: ഇപ്പോൾ വാങ്ങുക പിന്നീട് പണമടക്കുക എന്ന ശീർഷകത്തിൽ സൗദിയിൽ പ്രവർത്തനമാരംഭിച്ച ഉപഭോക്തൃ ഫണ്ടിംഗ് ഏജൻസികളായ ടാബിയുടെയും തമാരയുടെയും വരുമാനത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിൽ ഇരു സ്റ്റാർട്ടപ്പ് കമ്പനികളുടെയും വരുമാനം അഞ്ഞൂറ് ദശലക്ഷം റിയാൽ കവിഞ്ഞു. മർച്ചൻറ് കമ്മീഷൻ വരുമാനത്തിലെ വർധനവാണ് കമ്പനികൾക്ക് നേട്ടമായത്.
2025 ആദ്യ പാദത്തിലെ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഇരു കമ്പനികളും ചേർന്ന് 535.4 ദശലക്ഷം റിയാൽ വരുമാനമുണ്ടാക്കി. 319.4 ദശലക്ഷവുമായി ടാബിയാണ് മുന്നിൽ. ഇതിൽ 65.2 ദശലക്ഷം റിയാലിന്റെ അറ്റാദായവും കമ്പനി നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38 ശതമാനം കൂടുതൽ. 215.9 ദശലക്ഷമാണ് തമാരയുടെ വരുമാന നേട്ടം. 25.8 ദശലക്ഷത്തിന്റെ ലാഭവും ഇക്കാലയളവിൽ കമ്പനി നേടി. മർച്ചൻറ് കമ്മീഷൻ വരുമാനത്തിലുണ്ടായ വർധനവാണ് കമ്പനികൾക്ക് നേട്ടമായത്.
ടാബി ഈ വർഷം സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ തദാവുലിൽ ലിസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 58000 ഉപഭോക്താക്കളാണ് ഇതിനകം ഇരു ഏജൻസികളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ദിനേന 120000 ഇടപാടുകളാണ് ഇത് വഴി നടന്നു വരുന്നത്.
Adjust Story Font
16

