ഇന്ത്യ-സൗദി എയർ ബബിൾ കരാറായി; കൂടുതൽ വിമാന സർവീസുകൾ വരുന്നു
ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ഒപ്പിടാത്തതായിരുന്നു കാരണം വൻ നിരക്കിലായിരുന്നു വിമാനയാത്ര.

ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കം കുറിക്കും. ഇക്കാര്യം മീഡിയവൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മലബാറിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകാത്തത് തിരിച്ചടിയായേക്കും.
ഇന്ത്യൻ സിവിൽ ഏവിയേഷനുമായി സൗദി ഒപ്പുവെച്ച എയർ ബബിൾ കരാർ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം മീഡിയവൺ പുറത്തു വിട്ടിരുന്നു. കരാർ പ്രകാരം ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഈ രാജ്യങ്ങളിലെ വിമാനങ്ങൾ വഴി സർവീസ് ഉപയോഗപ്പെടുത്താം. അന്താരാഷ്ട്ര വിമാനയാത്രകൾ റദ്ദാക്കുമ്പോഴും എയർബബിൾ സർവീസുകൾക്ക് അനുമതിയുണ്ടാകുന്നത് പ്രവാസികൾക്ക് ഗുണം ചെയ്യും. എത്ര സർവീസുകളാണ് തുടങ്ങുകയെന്നത് പുറത്തുവന്നിട്ടില്ല.
പാകിസ്താനുമായി പ്രതിവാരം 24 സർവീസുകളാണ് ഒരു ദിശയിൽ സൗദി നടത്തുന്നത്. 30 ലക്ഷത്തോളം പ്രവാസികളുള്ള സൗദിയിൽ നിന്ന് കോവിഡിന് ശേഷം ചാർട്ടേഡ് വിമാനങ്ങളായിരുന്നു പ്രവാസികൾക്കുള്ള ആശ്രയം. ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ഒപ്പിടാത്തതായിരുന്നു കാരണം വൻ നിരക്കിലായിരുന്നു വിമാനയാത്ര. 50,000 രൂപ വരെയുണ്ട് നിലവിലെ കേരള - സൗദി യാത്രാനിരക്ക്. സീറ്റുകൾ ലഭിക്കാത്ത സാഹചര്യവുമുണ്ട്. സൗദി എയർലൈൻസും എയർഇന്ത്യയുമാകും കൂടുതൽ സർവീസ് നടത്തുക. വലിയ വിമാനങ്ങൾക്ക് വിവിധ കാരണങ്ങൾ പറഞ്ഞ് കരിപ്പൂരിൽ ഇറങ്ങാൻ അനുമതി നൽകുന്നില്ല.
സൗദി എയർലൈൻസ് വിമാനങ്ങൾ ഇതോടെ കൊച്ചിയിലേക്കാകും കൂടുതൽ സർവീസ് നടത്തുകയെന്നാണ് വിവരം. പ്രവാസികൾ ഏറ്റവും കൂടുതലുള്ള മലബാറിലേക്ക് വലിയ വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധമുണ്ട്. സാങ്കേതിക കാരണങ്ങളിൽ കാര്യമില്ലെന്ന് എംപിമാർ ബോധ്യപ്പെടുത്തിയിട്ടും കരിപ്പൂരിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് അനന്തമായി വൈകിക്കുകയാണ്.
Adjust Story Font
16

