ഭവനനിര്‍മ്മാണ രംഗത്ത് സഹകരിക്കാന്‍ ഇന്ത്യ-സൗദി ധാരണ
കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഭവന നിര്‍മ്മാണ മേഖലയില്‍ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കും

ഭവന നിര്‍മ്മാണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ധാരണ. സൗദി ഇന്ത്യന്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചു. കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഭവന നിര്‍മ്മാണ മേഖലയില്‍ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കും.
സൗദി നഗരഭവന കാര്യമന്ത്രാലയങ്ങളും, ഇന്ത്യന്‍ ഭവനനഗരകാര്യ മന്ത്രാലയങ്ങളും ചേര്‍ന്നാണ് ധാരണയിലെത്തിയത്. സൗദി അറേബ്യ നടപ്പിലാക്കി വരുന്ന ഭവന നിര്‍മ്മാണ മേഖലയില്‍ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ കരാര്‍ നിലവില്‍ വന്നത്. ഭവനനിര്‍മ്മാണ മേഖലയിലെ നഗരാസുത്രണം, നിര്‍മ്മാണം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടാണ് ധാരണ.
സൗദി ഭവനകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അമീര്‍ സൗദ് ബിന്‍ തലാലും ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസിഡര്‍ ഡോ. ഔസാഫ് സയ്യിദും ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പ് വച്ചു. സൗദി അറേബ്യ പ്രഖ്യാപിച്ച ഭവന പദ്ധതികളുടെ പൂര്‍ത്തീകരണം സമയ ബന്ധിതമായി നിറവേറ്റുകയും ഇത് വഴി രണ്ടായിരത്തി മുപ്പതോടെ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥത നിരക്ക് എഴുപത് ശതമാനത്തിലേക്ക് ഉയര്‍ത്തുവാനും കരാര്‍ ലക്ഷ്യമിടുന്നു. കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഈ രംഗത്ത് നിക്ഷപ സാധ്യതകള്‍ വര്‍ധിപ്പിക്കും. അത്യാധുനിക കെട്ടിട നിര്‍മ്മാണ സാങ്കേതിക വിദ്യകളുടെ കൈമാറ്റവും കരാര്‍ വഴി സാധ്യമാകും. പുതിയ കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് സഹായിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു.
Adjust Story Font
16

