ഇറാൻ യുദ്ധം: ഗൾഫിലേക്ക് ആക്രമണം വർധിക്കുന്നു
കുവൈത്തിലും യുഎഇയിലും സൗദിയിലും ആക്രമണം

ഫയൽ ചിത്രം
റിയാദ്/അബൂദബി/കുവൈത്ത് സിറ്റി: ഗൾഫിലേക്ക് ഇറാൻ ആക്രമണം വർധിക്കുന്നു. കുവൈത്ത്, യുഎഇ, സൗദി എന്നീ രാജ്യങ്ങളിലാണ് ഇന്ന് ആക്രമണമുണ്ടായത്. യുഎഇയിലെ അബൂദബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. ഇതോടെ കേന്ദ്രം പ്രവർത്തനം നിർത്തിവെച്ചു. അജ്ബാൻ മേഖലയിലും ആക്രമണമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
മിന അൽഅഹ്‌മദി റിഫൈനറിയിൽ ഡ്രോണാക്രമണം
കുവൈത്തിലെ മിന അൽ അഹ്‌മദി റിഫൈനറിയിൽ ഡ്രോണാക്രമണമുണ്ടായി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഡ്രോൺ പതിച്ചതിനെ തുടർന്ന് നിരവധി പ്രവർത്തന യൂണിറ്റുകളിൽ തീപിടിത്തമുണ്ടായതായും എന്നാൽ പരിക്കുകളൊന്നുമില്ലെന്നും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ ആർക്കും പരിക്കുകൾ സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
അതേസമയം, കുവൈത്ത് എൻവിറോൺമെന്റ് പബ്ലിക് അതോറിറ്റിയുമായി(കെഇപിഎ) ചേർന്ന് വായുഗുണനിലവാരം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ ഒരു പ്രതികൂല ആഘാതവും രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചു.
അതേസമയം, വൈദ്യുതി ഉൽപാദന-ജല ശുദ്ധീകരണ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതായി കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി മന്ത്രാലയം. അടിയന്തരവ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ തുടങ്ങി. സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സൗദിയിൽ 15 ഡ്രോണുകൾ തകർത്തു
അതിനിടെ, സൗദിയിലേക്കെത്തിയ 15 ഡ്രോണുകൾ തകർത്തായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ എവിടെയാണ് ഡ്രോണുകൾ പ്രതിരോധിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ദുബൈയിലെ ക്ഷേത്രവും ഗുരുദ്വാരയും അടച്ചു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആരാധനാലയങ്ങൾ തുറക്കില്ല.
Adjust Story Font
16

