10 ലക്ഷത്തിലധികം കണ്ടെയ്നറുകൾ!; അത്യാധുനിക സൗകര്യങ്ങളോടെ ചെങ്കടൽ തീരത്തെ വ്യാപാര കവാടമായി ജിസാൻ പോർട്ട്
പ്രതിവർഷം 50 ലക്ഷം ടണ്ണിലധികം ബൾക്ക് കാർഗോ കൈകാര്യം ചെയ്യാൻ ശേഷി

റിയാദ്: സൗദി അറേബ്യയുടെ ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ കവാടമായി ജിസാൻ സിറ്റി ഫോർ ബേസിക് ആന്റ് ഡൗൺസ്ട്രീം ഇൻഡസ്ട്രീസ് (JCPDI) പോർട്ട്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും സംയോജിത ലോജിസ്റ്റിക് സേവനങ്ങളും വഴി പ്രതിവർഷം പത്ത് ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ തുറമുഖം കൈവരിച്ചു. മേഖലയിലെ വ്യവസായ-വാണിജ്യ മേഖലകൾക്ക് വലിയ പിന്തുണ നൽകുന്ന ഈ തുറമുഖം രാജ്യത്തെ പ്രധാന ലോജിസ്റ്റിക്സ് റൂട്ടുകളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. പ്രതിവർഷം 50 ലക്ഷം ടണ്ണിലധികം ബൾക്ക് കാർഗോയും കൈകാര്യം ചെയ്യാൻ ഈ തുറമുഖത്തിന് ശേഷിയുണ്ട്.
തുറമുഖത്തിന് ആകെ 1250 മീറ്റർ നീളമുള്ള ക്വേ ഉണ്ട്. ഇതിൽ കണ്ടെയ്‌നർ ക്വേ (540 മീറ്റർ), ബൾക്ക് കാർഗോ ക്വേ (350 മീറ്റർ), ജനറൽ കാർഗോ ക്വേ (360 മീറ്റർ) എന്നിവയാണ് ഉൾപ്പെടുന്നത്. 16.5 മീറ്ററാണ് തുറമുഖത്തിന്റെ ആഴം. 7 കിലോമീറ്ററിലധികം വിസ്തൃതിയുള്ള വിപുലമായ പ്രവർത്തന മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ചരക്ക് നീക്കം സുഗമമാക്കുന്നതിനായി നിരവധി ലോജിസ്റ്റിക് സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചരക്കുകൾ നിക്ഷേപിക്കാനും പുനർകയറ്റുമതി ചെയ്യാനുമുള്ള സൗകര്യം ഇവിടെയുണ്ട്. കസ്റ്റംസ് ക്ലിയറൻസ് നടപടികളിലെ വേഗത നിക്ഷേപകർക്ക് വലിയ ആശ്വാസമാണ്.
ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനും ഏകീകരിക്കുന്നതിനുമുള്ള മികച്ച സംവിധാനങ്ങളും പോർട്ടിന്റെ പ്രത്യേകതയാണ്. മേഖലയിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വികസനം വേഗത്തിലാക്കുന്നതിനും ജിസാൻ തുറമുഖം നിർണായക പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര വ്യാപാര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തുറമുഖത്തിന്റെ കാര്യക്ഷമത വരും വർഷങ്ങളിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്ന് അധികൃതർ വിലയിരുത്തി.
Adjust Story Font
16

