റിയാദിലെ പുതിയ വിമാനത്താവളം; നിർമാണത്തിന് കൈകോർത്ത് 7 റിയൽ എസ്റ്റേറ്റ് കമ്പനികൾ
57 ചതുരശ്ര കി.മീ വിസ്തൃതിയിലാണ് വികസന പദ്ധതി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി മാറാനൊരുങ്ങുന്ന റിയാദിലെ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളം വികസനത്തിനായി ഏഴ് പ്രമുഖ സൗദി റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. പി.ഐ.എഫ് (PIF) പ്രൈവറ്റ് സെക്ടർ ഫോറത്തിന്റെ നാലാമത് പതിപ്പിനിടെയാണ് ഈ സുപ്രധാന കരാറുകളിൽ ധാരണയായത്. സുമോ ഹോൾഡിങ്, മുഹമ്മദ് അൽ ഹബീബ് ഇൻവെസ്റ്റ്‌മെന്റ്, കിനാൻ, അജ്‌ദാൻ, റിറ്റാൽ, ഉർജ്വാൻ, ഒസൂസ് എന്നിയാണ് ധാരണയായ കമ്പനികൾ.
ആകെ 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളം നവീകരിക്കുന്നത്. ഇതിൽ 12 ചതുരശ്ര കിലോമീറ്റർ പ്രദേശം റിയൽ എസ്റ്റേറ്റ് വികസനത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഇവിടെ ആധുനിക താമസ കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഓഫീസുകൾ, ഹോട്ടലുകൾ എന്നിവ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമിക്കും.
ഏകദേശം 30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന സാമ്പത്തിക-ലോജിസ്റ്റിക്സ് സോണുകളും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ നിലവിലുള്ള ടെർമിനലുകൾക്ക് പുറമെ മൂന്ന് പുതിയ ടെർമിനലുകളും ആറ് റൺവേകളും സജ്ജമാക്കും. 2030-ഓടെ പ്രതിവർഷം 10 കോടി യാത്രക്കാരെയും 20 ലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്യാൻ ശേഷിയുള്ള രീതിയിലാണ് ഇതിന്റെ വികസനമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

