Quantcast

സൗദിയില്‍ നിയമാനുസൃതമല്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിയമനടപടി

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 26 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    27 Jun 2021 6:40 PM GMT

സൗദിയില്‍ നിയമാനുസൃതമല്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നിയമനടപടി
X

സൗദിയില്‍ നിയമാനുസൃതമല്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും പണപ്പിരിവ് നടത്തുന്നതിനുമെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 26 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം കര്‍ശനമായ താക്കീത് നല്‍കിയത്. രാജ്യത്ത് നിയമാനുസൃതമല്ലാത്ത മാര്‍ഗങ്ങളിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും അതിനായി പണപ്പിരിവ് നടത്തുന്നതും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ, പണപ്പിരിവ് നടത്തുവാനോ രാജ്യത്ത് അനുമതിയില്ല. പകരം സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗികവും നിയമാനുസൃതവുമായ മാര്‍ഗങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമ വിരുദ്ധമായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇരുപത്തിയാറു പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. ഇവരില്‍ പതിനെട്ട് പേര്‍ സ്വദേശികളും എട്ടു പേര്‍ വിദേശികളുമാണ്. ഇവര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമവും ക്രമസമാധാന ലംഘന നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story