സൗദി കിഴക്കൻ പ്രവിശ്യയിൽ 200 കോടി റിയാലിന്റെ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു
ടൂറിസവും വിനോദവും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങളിൽ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. 200 കോടി റിയാൽ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതികളിൽ പ്രവിശ്യ മുനിസിപ്പൽ അതോറിറ്റി നിക്ഷേപകരുമായി ധാരണയിലെത്തി. അൽകോബാറിൽ ഒരു മെഡിക്കൽ സമുച്ചയവും വിനോദ പാർക്കും, ജുബൈലിൽ ഒരു വ്യവസായ, തൊഴിൽ ഡാറ്റാ സെന്ററും അടങ്ങുന്നതാണ് ഈ പദ്ധതികൾ.
ടൂറിസവും വിനോദവും ലക്ഷ്യമിട്ടുള്ള പദ്ധതികളിലൂടെ ദമ്മാം, അൽകോബാർ, ജുബൈൽ നഗരങ്ങളുടെ വികസനവും അതുവഴി കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
പ്രധാന പദ്ധതികൾ:
അൽകോബാർ: സംയോജിത മെഡിക്കൽ സമുച്ചയവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. കൂടാതെ, അൽകോബാർ ഹാഫ് മൂൺ ബീച്ചിൽ 20 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അമ്യൂസ്മെൻറ് പാർക്കും നിർമിക്കും. ഇത് പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകും.
ജുബൈൽ: വ്യാവസായിക നഗരമായ ജുബൈലിൽ സംയോജിത വ്യവസായ തൊഴിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനും കരാർ ഒപ്പുവച്ചു. ഇത് വ്യവസായ മേഖലയ്ക്ക് വലിയ പിന്തുണ നൽകും.
പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ മുനിസിപ്പൽ, ഭവനകാര്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ-ഹൊഗൈലിയുടെയും, കിഴക്കൻ പ്രവിശ്യ മേയർ എൻജിനീയർ ഫഹദ് അൽ-ജുബൈറിന്റെയും സാന്നിധ്യത്തിൽ കരാറുകൾ കൈമാറി.
Adjust Story Font
16

