സൗദിയിലെ മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന് തിങ്കളാഴ്ച തുടക്കം
തിങ്കളാഴ്ച ദമ്മാമിലും ചൊവ്വാഴ്ച റിയാദിലുമായി നടക്കുന്ന ഉച്ചകോടി സൗദിയിലെ ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ ഒത്തുചേരലാകും

റിയാദ്: സൗദിയിൽ മീഡിയവൺ ഒരുക്കുന്ന ഫ്യൂച്ചർ സമ്മിറ്റിന് തിങ്കളാഴ്ച തുടക്കമാകും. തിങ്കളാഴ്ച ദമ്മാമിലും ചൊവ്വാഴ്ച റിയാദിലുമായി നടക്കുന്ന ഉച്ചകോടി സൗദിയിലെ ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ ഒത്തുചേരലാകും. സൗദിയിലെ പുതിയ ട്രെന്റുകളും സാധ്യതകളും ചർച്ചയാകുന്ന ഉച്ചകോടിയിൽ വിവിധ കമ്പനികളുടെ സാന്നിധ്യവുമുണ്ടാകും.
സൗദി ദേശീയ ദിനത്തോട് ചേർന്ന് രാജ്യത്തെ പുതിയ മാറ്റങ്ങളും സാധ്യതകളും തുറന്നിടുകയാണ് മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്. സൗദി വാർത്താ മന്ത്രാലയ ഡയറക്ടർ പരിപാടിയിൽ മുഖ്യാതിഥിയായി എത്തും. സൗദിയിൽ ബിസിനസ് രംഗത്തെ വൻകിടക്കാരും ചെറുകിടക്കാരും ഒന്നിച്ചു ചേരുന്ന, പുതിയ ബിസിനസ് സാധ്യത തേടുന്നതാകും വേദി.
വിവിധ സെഷനുകളിലായി ഇമോഷണൽ സെയിൽസ് കോച്ച് റിയാസ് ഹക്കീം, എ.ഐ രംഗത്തെ സാധ്യത പറഞ്ഞ് ഉമർ അബ്ദുസ്സലാം എന്നിവരെത്തും. സൗദിയിലെ പുത്തൻ സാധ്യതകളും അനുഭവങ്ങളും പറയാൻ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന്റെ എ.കെ ഫൈസൽ, ഇംപക്‌സ് മേധാവി നുവൈസ് ചേനങ്ങാടൻ, ചെറുകിട ഹോൾസെയിൽ മേഖലയിലെ ട്രന്റുകൾ സംബന്ധിച്ച് കെ ഷംസുദ്ദീൻ എന്നിവർ സംസാരിക്കും. സൗദിയിലെ മുൻനിര ഇന്ത്യൻ കമ്പനിയായ എക്‌സ്‌പേർട്ടൈസ് സിഇഒ മുഹമ്മദ് ആഷിഫ് വ്യവസായ മേഖലയിലെ സൗദി സാധ്യതകളും രീതികളും പറയും. സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ്, എത്തിക് ഫിൻ സിഇഒ വി.കെ നദീർ എന്നിവരും സംബന്ധിക്കും. ഫാമിലി ബിസിനസിൽ ശ്രദ്ധിക്കേണ്ടത് വിശദീകരിക്കുക ജാബിർ അബ്ദുൽ വഹാബാണ്. മീഡിയവൺ സിഇഒ മുഷ്താഖ് അഹ്‌മദ്, കോഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ, അർഫാസ് ഇഖ്ബാൽ എന്നിവരും സംബന്ധിക്കും.
ഖോബാറിൽ സെപ്തംബർ 22ന് വൈകുന്നേരം മുതൽ രാത്രി വരെ മീഡിയവൺ ഒരുക്കുന്ന ഈ ഉച്ചകോടിക്ക് ഹോട്ടൽ ഗ്രാന്റ് ഹയാത്താണ് വേദി. റിയാദിൽ 23ന് വൈകീട്ട് മൂന്ന് മുതൽ ഹോട്ടൽ വോകോയാണ് വേദി. രജിസ്‌ട്രേഷന് https://futuresummit.mediaoneonline.com/ എന്ന വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യാം. മുൻകൂട്ടിയുടള്ള രജിസ്‌ട്രേഷനിലൂടെയാണ് പ്രവേശനം. പുതുതായി സൗദിയിലെത്തുന്നവരും എത്തിയവരും സൗദി മാർക്കറ്റിലെ പ്രമുഖരും ഒന്നിച്ചിരുന്ന് പുതിയ സാധ്യതകൾ തേടുന്നതാകും ഫ്യൂച്ചർ സമ്മിറ്റ്.
Adjust Story Font
16

