മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന് സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രൗഢമായ തുടക്കം
ഇന്ന് റിയാദിലെ വോകോ ഹോട്ടലിൽ സൗദിയിലെ രണ്ടാം എഡിഷൻ

റിയാദ്: മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന് സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രൗഢമായ തുടക്കം. സൗദിയുടെ ചരിത്രത്തിലെ മലയാളി ബിസിനസ് സമൂഹത്തിന്റെ അത്യപൂർവ സംഗമത്തിനാണ് തുടക്കമായത്. സൗദി വാർത്താ മന്ത്രാലയ ഡയറക്ടർ ഹുസൈൻ അൽ ഷമ്മരി ഉദ്ഘാടനം നിർവഹിച്ചു. മീഡിയവൺ പ്രഖ്യാപിച്ച ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും ബിസിനസ് എക്‌സലൻസ് അവാർഡും ജേതാക്കൾക്ക് കൈമാറി.
സൗദിയിലെ പുത്തൻ നിക്ഷേപകരും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബിസിനസുകാരും ബ്രാന്റുകളും ഒന്നിച്ച് ചേർന്നതായിരുന്നു ഫ്യൂച്ചർ സമ്മിറ്റ്. സൗദി മലയാളി പ്രവാസി സമൂഹത്തിന്റെ അത്യപൂർവ കാഴ്ച. അതിന്റെ ആദ്യ എഡിഷനാണ് ഖോബാറിൽ സൗദി വാർത്താ മന്ത്രാലയ ഡയറക്ടർ ഹുസൈൻ അൽ ഷമ്മരി ഉദ്ഘാടനം നിർവഹിച്ചത്.
മീഡിയവൺ സിഇഒ മുഷ്താഖ് അഹ്‌മദ് ഫ്യൂച്ചർ സമ്മിറ്റിനെ പരിചയപ്പെടുത്തി. ഇറാം ഹോൾഡിങ്‌സ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്‌മദ്, ഉച്ചകോടിയുടെ ടൈറ്റിൽ സ്‌പോൺസർ എക്‌സ്‌പേർട്ടൈസ് സിഇഒ മുഹമ്മദ് ആഷിഫ് എന്നിവർ സംസാരിച്ചു. ഫ്യൂച്ചർ സമ്മിറ്റിനോട് ചേർന്ന് മീഡിയവൺ പ്രഖ്യാപിച്ച ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എക്‌സ്‌പേർട്ടൈസ് ഗ്രൂപ്പ് സിഇഒ മുഹമ്മദ് ആഷിഫ് ഏറ്റുവാങ്ങി.
എക്‌സലൻസ് ഇൻ കൺസ്യൂമർ ഡ്യൂറബ്ൾ ആൻഡ് ഹോം അപ്ലയൻസസ് മേഖലയിലെ ബിസിനസ് അവാർഡ്, പിട്ടാപ്പിള്ളിൽ മാനേജിങ് ഡയറക്ടർ പീറ്റർ പോൾ ഏറ്റുവാങ്ങി.
മീഡിയവൺ ഒരുക്കിയ ഫ്യൂച്ചർ സമ്മിറ്റിനെ പ്രവാസി സമൂഹം നിറഞ്ഞു സ്വീകരിച്ചതായിരുന്നു ഉച്ചകോടിയിലെ കാഴ്ച. ഉദ്ഘാടന ചടങ്ങിൽ മീഡിയവൺ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ കെഎം ബഷീർ, കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ പിബിഎം ഫർമീസ്, ജിസിസി ജനറൽ മാനേജർ സ്വവ്വാബ് അലി എന്നിവരും സംബന്ധിച്ചു. ഇന്ന് റിയാദിലെ വോകോ ഹോട്ടലിലാണ് സൗദിയിലെ രണ്ടാം എഡിഷൻ. ദേശീയ ദിനമായ ഇന്ന് വൈകീട്ട് മൂന്ന് മുതൽ ഫ്യൂച്ചർ സമ്മിറ്റ് ആരംഭിക്കും.
Adjust Story Font
16

