ഖത്തറിൽ എൻട്രി വിസകൾക്കു നൽകിയിരുന്ന ഇളവുകൾ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം
ജൂൺ ഏഴു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും

ദോഹ: ഖത്തറിൽ എൻട്രി വിസകൾക്കു നൽകിയിരുന്ന ഇളവുകൾ അവസാനിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വിസകൾക്ക് താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്ന നടപടിയാണ് നിർത്തലാക്കിയത്. ജൂൺ ഏഴു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് എൻട്രി വിസകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്നത്. മാർച്ച് മൂന്നു മുതലാണ് വിസാ കാലാവധി നീട്ടി നൽകുന്ന നടപടി മന്ത്രാലയം ആരംഭിച്ചത്. ഈ ആനുകൂല്യമാണ് നിർത്തലാക്കുന്നത്. രാജ്യത്ത് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എൻട്രി വിസകൾക്കും നൽകിയിരുന്ന ഇളവുകൾ നിർത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ ജൂൺ ഏഴു മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും മുമ്പത്തെ നിയമങ്ങൾ ബാധകമായിരിക്കും. വിസ കാലാവധി, പുതുക്കുന്നതിനുള്ള ഫീസുകൾ എന്നിവ പഴയതു പോലെ തുടരും. രാജ്യത്തുള്ള എല്ലാ താമസക്കാരും സന്ദർശകരും വിസ സ്റ്റാറ്റസ് പരിശോധിക്കുകയും, പുതുക്കേണ്ടവർ പുതുക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
Adjust Story Font
16

