Quantcast

എയർബസുമായി കരാർ: സൗദിയയുടെ കൂടുതൽ വിമാനങ്ങൾ ഈ വർഷമെത്തും

ഇതോടെ സൗദിയയുടെ ആകെ വിമാനങ്ങളുടെ എണ്ണം 161 ആയി ഉയരും

MediaOne Logo

Web Desk

  • Published:

    31 May 2026 3:17 PM IST

എയർബസുമായി കരാർ: സൗദിയയുടെ കൂടുതൽ വിമാനങ്ങൾ ഈ വർഷമെത്തും
X

റിയാദ്: സൗദിയുടെ ദേശീയ എയർലൈനായ സൗദിയ തങ്ങളുടെ വിമാനശേഖരം വൻതോതിൽ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം 12 പുതിയ അത്യാധുനിക വിമാനങ്ങൾ കൂടി കമ്പനി സ്വന്തമാക്കും. ആഗോള വിമാന നിർമാതാക്കളായ എയർബസുമായി മുൻപ് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വിമാനങ്ങൾ ലഭ്യമാക്കുന്നത്. പുതിയ എയർബസ് A321 നിയോ വിമാനങ്ങളിൽ 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 ഗസ്റ്റ് ക്ലാസ് സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന പുത്തൻ സീറ്റുകളും അതിവേഗ ഇന്റർനെറ്റ് സൗകര്യവും ഈ വിമാനങ്ങളുടെ പ്രത്യേകതയാണ്. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള പുതിയ വിമാനങ്ങൾ എത്തുന്നതോടെ ഈ വർഷാവസാനത്തോടെ സൗദിയയുടെ ആകെ വിമാനങ്ങളുടെ എണ്ണം 161 ആയി ഉയരും.

ദേശീയ വ്യോമയാന മേഖലയിൽ മത്സരക്ഷമത നിലനിർത്താൻ വിമാനശേഖരം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഉമർ വ്യക്തമാക്കി. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി, കൃത്യമായ വിപണിപഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നവീകരണം നടപ്പാക്കുന്നത്. വിമാനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സർവീസുകളും അറ്റകുറ്റപ്പണികളും മികച്ച രീതിയിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ കമ്പനി പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിനായി പൈലറ്റുമാർ, ക്യാബിൻ ക്രൂ, മെയിന്റനൻസ് ജീവനക്കാർ എന്നിവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകിവരുന്നു. ടൂറിസം, തീർഥാടനം, കായികം, വിനോദം എന്നീ മേഖലകൾക്ക് ഈ വികസനം വലിയ കരുത്താകും.

TAGS :

Next Story