Quantcast

മക്കയിൽ ഉംറ തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ; കൂടുതൽ കവാടങ്ങളിൽ വീൽചെയറുകൾ ലഭിക്കും

വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്

MediaOne Logo

Web Desk

  • Published:

    16 Aug 2021 7:49 PM GMT

മക്കയിൽ ഉംറ തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ; കൂടുതൽ കവാടങ്ങളിൽ വീൽചെയറുകൾ ലഭിക്കും
X

മക്കയിലെ ഹറം പള്ളിയിൽ നാല് കവാടങ്ങളിൽ കൂടി കൂടുതൽ വീൽചെയറുകൾ വിതരണം ചെയ്യും. ഉംറ സീസണിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീകരണം. വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്.

വാർധക്ക്യസഹജമായ പ്രയാസങ്ങളനുഭവിക്കുന്നവർക്കും അംഗപരിമിതർക്കും മറ്റ് ആരോഗ്യ പ്രയാസങ്ങളുള്ളവർക്കും പ്രയാസരഹിതമായി കർമ്മങ്ങൾ ചെയ്യുവാൻ ഹറമിനകത്ത് വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ലഭ്യമാണ്. അയ്യായിരത്തിലധികം സാധാരണ വീൽചെയറുകളും മൂവായിരത്തോളം ഇലക്ട്രിക് കാർട്ടുകളുമാണ് ഉംറ തീർത്ഥാടകർക്കായി മക്കയിലെ ഹറം പള്ളിയിൽ സജ്ജമാക്കിയിട്ടുള്ളത്. ഹറമിൽ നിലവിൽ ഇവ വിതരണം ചെയ്തുവരുന്ന സ്ഥലങ്ങൾക്ക് പുറമെ, കൂടുതലായി നാല് കവാടങ്ങളിൽ കൂടി വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ലഭ്യമാക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.

ഷുബൈക്ക ഗേറ്റ്, അർഖം സ്റ്റെയർ, മർവ ഗേറ്റ്, മേൽക്കൂരയിലേക്കുള്ള അൽ ഖുഷാഷ ഗേറ്റ് എന്നിവയാണ് വീൽചെയറുകൾ ലഭ്യമാകുന്ന പുതിയ കവാടങ്ങൾ. ഉംറ സീസണിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ക്രമീകരണം. ഇവയുടെ സേവനത്തിനായി നാല് ഷിഫ്റ്റുകളിലായി 180ലധികം ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. നതഖുൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ഹറമിലെത്തുന്നതിന് മുമ്പ് തന്നെ തീർത്ഥാടകർക്ക് ഇവ ബുക്ക് ചെയ്യുവാനും സാധിക്കും. ത്വവാഫ്, സഅയ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് മാത്രമായോ രണ്ടിനും ചേർത്തോ വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ലഭ്യമാണ്. കൃത്യമായി അണുനശീകരണം നടത്തിയ ശേഷമാണ് ഇവ തീർത്ഥാടകർക്കിടയിൽ വിതരണം ചെയ്യുന്നത്.

TAGS :

Next Story