'ഭരണഘടന ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കണം'; ദമ്മാം ഒഐസിസി

ദമ്മാം: ഭരണഘടനയുടെ ആത്മാവായ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യാനുള്ള മോദി ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഒഐസിസി സൗദി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആമുഖത്തിനെതിരേ വിവാദ പരാമർശവുമായി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ രംഗത്ത് വന്നത് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആർഎസിഎസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ്. കേരളത്തിലെ എഡിജിപി അജിത് കുമാറുമായി മുൻപ് രഹസ്യ കൂടിക്കാഴ്ച നടത്തിയ വ്യക്തികൂടിയാണ് ദത്താത്രേയ ഹൊസബലെ.
മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയുള്ള 1976ലെ ഭരണഘടനാ ഭേദഗതി 1949 നവമ്പർ 26 മുതലുള്ള മുൻകാല പ്രാബല്യത്തോടെ സുപ്രീം കോടതി ശരിവച്ചിട്ടുള്ളതാണ്. അതിനെ അടിയന്തിരാവസ്ഥ കാലത്ത് കോൺഗ്രസ്, ഭരണഘടനയിൽ കൂട്ടിചേർത്ത വാക്കുകളാണ് സോഷ്യലിസവും മതേതരത്വവും, അതിനാൽ അവ ഭരണഘടനയിൽ നിന്നു നീക്കണമെന്നുമാണ് ആർഎസ്എസ് ആവശ്യപ്പെട്ടത്. മുൻപും ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആർഎസ്എസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം നിരവധി ഹരജികളാണ് ഈ ആവശ്യവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ എത്തിയത്. എന്നാൽ ആ ആവശ്യം സുപ്രിംകോടതി തള്ളുകയായിരുന്നു. സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്നു നീക്കം ചെയ്യാൻ ആവില്ലെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് എല്ലാവർക്കും തുല്യ അവസരവും സമത്വവും ഉറപ്പു നൽകുന്ന സോഷ്യലിസവും, മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മതേതരത്വവും നീക്കം ചെയ്യാനാവില്ലെന്ന് അന്നു വാദം കേട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.
മുൻപ് 2023 ൽ പുതിയ പാർലിമെൻറ് മന്ദിരത്തിലേയ്ക്ക് മാറുന്ന സമയത്ത് എംപിമാർക്ക് നൽകിയ ഭരണഘടനയിൽ നിന്ന് 'മതേതരത്വവും സോഷ്യലിസവും' ഒഴിവാക്കി. അന്ന് ആ വിഷയം കോൺഗ്രസ് പാർലമെന്റിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അതിന് അവസരം ലഭിച്ചില്ല എന്നതും ഇതോട് കൂട്ടി വായിക്കേണ്ടതാണ്. ഇന്ന് ഈ വിഷയം വീണ്ടും ആർഎസ്എസ് ഉന്നയിക്കുമ്പോൾ അത് അവിചാരിതമല്ല എന്നതാണ് യാഥാർത്ഥ്യം. മതേതരത്വവും സോഷ്യലിസവും ഭരണഘടനയിൽ നിന്നു നീക്കം ചെയ്യണമെന്ന ആവശ്യം സംഘപരിവാർ വീണ്ടും ഉയർത്തുന്നത് ഭരണഘടന തകർക്കാനുള്ള പ്രഖ്യാപിത ലക്ഷ്യത്തിൻറെ ഭാഗമാണ്. ഈ രാജ്യത്തെ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, രാഹുൽ ഗാന്ധിയും പ്രതിജ്ഞാബദ്ധമാണെന്ന് ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഇ ക സലിം, സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ഈസ്റ്റേൺ പ്രോവിൻസ് ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16

