മക്കയിലും പുണ്യസ്ഥലങ്ങളിലും ശുചീകരണ പ്ലാൻ വൻ വിജയം; ഭക്ഷ്യവിഷബാധയില്ലാതെ ഇത്തവണത്തെ ഹജ്ജ് സീസൺ
മശാഇറുകളിൽ നീക്കം ചെയ്തത് 16,000 ടൺ മാലിന്യം

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകർക്കായി മക്കയിലും പുണ്യസ്ഥലങ്ങളിലും ഒരുക്കിയ മുനിസിപ്പാലിറ്റി-ശുചീകരണ പ്രവർത്തനങ്ങൾ പൂർണ വിജയമായിരുന്നെന്ന് സൗദി മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം. 22,000 ജീവനക്കാരും 5000-ത്തോളം അത്യാധുനിക യന്ത്രസാമഗ്രികളും 24 മണിക്കൂറും സജീവമായി രംഗത്തുണ്ടായിരുന്നു. ഇത്രയും വലിയ ജനത്തിരക്കുണ്ടായിട്ടും ഹജ്ജ് സീസണിൽ ഒരൊറ്റ ഭക്ഷ്യവിഷബാധ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് മന്ത്രാലയത്തിന്റെ കൺട്രോൾ സംവിധാനങ്ങളുടെ വലിയ നേട്ടമായി മാറി.
ഹജ്ജ് സീസണിൽ മാത്രം പുണ്യസ്ഥലങ്ങളിൽ നിന്ന് 16,000 ടണ്ണിലധികം മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ദുൽഖഅദ് 15 മുതൽ മക്കയിൽ നിന്ന് മാത്രം 2,50,000 ടണ്ണിലധികം മാലിന്യങ്ങൾ നീക്കം ചെയ്തു. മക്കയിൽ പ്രതിദിനം ശരാശരി 6,000 ടണ്ണിലധികം മാലിന്യങ്ങളാണ് മാറ്റിയത്. മശാഇറുകളിൽ പ്രതിദിനം ശരാശരി 200 ടണ്ണിലധികം എന്ന കണക്കിലാണ് 16,000 ടൺ മാലിന്യം നീക്കിയത്. കംപ്രഷൻ യൂണിറ്റുകളും ഭൂഗർഭ സംഭരണികളും ഉൾപ്പെടെ 88,000-ത്തിലധികം ശുചീകരണ സാമഗ്രികളാണ് ഇതിനായി ഉപയോഗിച്ചതെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അൽ റസാസ്മി വ്യക്തമാക്കി.
പ്രത്യേക സ്ക്വാഡുകൾ മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും കേറ്ററിങ് അടുക്കളകളിലും ഭക്ഷണശാലകളിലും 38,000-ത്തിലധികം പരിശോധനകൾ നടത്തി. ഫീൽഡ് ലാബുകൾ വഴി അയ്യായിരത്തിലധികം ഭക്ഷണ സാമ്പിളുകൾ പരിശോധിച്ച ശേഷമാണ് ഗുണനിലവാരം ഉറപ്പാക്കിയത്. സേവന രംഗത്തിന് കരുത്തുപകരാൻ 21,000-ത്തിലധികം വനിതകളും പുരുഷന്മാരുമടങ്ങുന്ന സന്നദ്ധപ്രവർത്തകർ ഇത്തവണ പങ്കെടുത്തു. തീർഥാടകർക്ക് വഴികാട്ടിയായും, ജനക്കൂട്ട നിയന്ത്രണത്തിലും, കുടിവെള്ളം, കുടകൾ, മറ്റ് സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലും ഇവർ സജീവമായിരുന്നു.
Adjust Story Font
16

