തെക്കൻ കേരളത്തിലെ പ്രവാസികളോട് അവഗണന; സൗദി- തിരുവനന്തപുരം സർവീസ് നിലച്ചിട്ട് മാസങ്ങളായിട്ടും നടപടിയില്ല
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ പ്രവാസികൾ അനുഭവിക്കുന്നത് സമാനതയില്ലാത്ത ദുരിതം

- Updated:
2026-08-02 14:52:10

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ കേരളത്തിലെ പ്രവാസികളോടുള്ള അവഗണനക്ക് ഇനിയും അറുതിയില്ല. സൗദിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന സർവിസ് നിലച്ചിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും അനക്കമില്ല. പ്രതിഷേധങ്ങളും നിവേദനങ്ങളുമായി പ്രവാസികൾ പ്രയാസങ്ങൾ അറിയിച്ചിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല. തിരുവനന്തപുരത്തേക്കുള്ള നേരിട്ടുള്ള സർവിസ് നിലച്ചതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴയിലെ അതിർത്തി പ്രദേശങ്ങളിലെയും പ്രവാസികൾ വലിയ ദുരിതം ആണ് അനുഭവിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പൂർണ്ണമായി അവസാനിപ്പിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് സൗദി അറേബ്യയിൽ നിന്ന് നേരിട്ട് വിമാനം ഇല്ലാതായത്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്, വാണിജ്യ നഗരമായ ജിദ്ദ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള നേരിട്ടുള്ള സർവീസുകളാണ് നിർത്തലാക്കിയത്.
പണവും സമയവും കൂടുതൽ ചെലവ്; കൊച്ചിയിൽ ഇറങ്ങി പോകണം
നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തതിനാൽ തെക്കൻ കേരളത്തിലേക്കുള്ള പ്രവാസികൾക്ക് മറ്റ് നഗരങ്ങൾ വഴിയുള്ള കണക്റ്റിംഗ് വിമാനങ്ങളെ ആശ്രയിക്കുകയോ, കൊച്ചിയിലിറങ്ങി ദീർഘദൂരം റോഡ് മാർഗം യാത്ര ചെയ്യുകയോ മാത്രമാണ് ഏക വഴി. കണക്റ്റിംഗ് വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മണിക്കൂറുകളോളം മറ്റ് വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരും. ഇതോടൊപ്പം വലിയ തുക അധികമായി നൽകേണ്ടി വരുന്നത് പ്രവാസി കുടുംബങ്ങൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകുന്നു. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ സമയനഷ്ടവും യാത്രാദുരിതവും വലിയ തിരിച്ചടിയാണ്.
ഇതോടൊപ്പം കണക്ടിങ് വിമാനങ്ങളും ദീർഘദൂരമുള്ള ട്രെയിൻ, റോഡ് യാത്രകളും വയോധികർ, രോഗികൾ, ഗർഭിണികൾ, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾ എന്നിവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഉംറ-ഹജ്ജ് തീർഥാടനത്തിനായി സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കും ഈ സാഹചര്യം താങ്ങാനാവാത്ത പ്രയാസമാണ് സമ്മാനിക്കുന്നത്.
സൗദിയിലെ ആഭ്യന്തര വിമാനത്തിലും പിന്നീട് കണക്ഷൻ ഇന്റർനാഷണൽ ഫ്ലൈറ്റിലുമായി നാട്ടിലെത്താൻ ഇവർക്ക് രണ്ടു ദിവസത്തിലധികം സമയമെടുക്കുന്നു. മടക്കയാത്രയ്ക്കും ഇത്രതന്നെ സമയമെടുക്കുന്നതോടെ, ആകെ ലഭിക്കുന്ന ഹ്രസ്വമായ അവധിയിൽ അഞ്ചാറു ദിവസം യാത്രയ്ക്കും ഒരുക്കങ്ങൾക്കുമായി മാത്രം നഷ്ടപ്പെടുകയാണ്. അസീർ, ജീസാൻ, അൽബഹ, തബൂക്ക്, അൽജൗഫ്, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന മലയാളികളും നഴ്സുമാരും ഇതിൽ ഏറെ ബുദ്ധിമുട്ടുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനും പ്രയാസം
സൗദിയിൽ മരണമടയുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്ന നടപടികളെ നേരിട്ടുള്ള വിമാന സർവീസുകളുടെ അഭാവം കഠിനമായി ബാധിച്ചിട്ടുണ്ട്. കണക്റ്റിംഗ് വിമാനങ്ങളിൽ ഭൗതികശരീരങ്ങൾ കയറ്റി അയക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും വൈകലും ബന്ധുക്കൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നു.
അദാനി ഏറ്റെടുത്തിട്ടും ഗുണമില്ലാതായി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. വൻകിട കമ്പനിയായതിനാൽ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. ഇതിന് പകരം നേരിട്ടുള്ള സർവീസുകളുടെ കാര്യത്തിൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ് ഉണ്ടായതെന്ന് പ്രവാസികൾ പറയുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണമുണ്ടായിട്ടുപോലും ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളോ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജനപ്രതിനിധികളോ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുയോജ്യമായ പരിഹാരം കാണാൻ വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നില്ല. പ്രവാസി ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയുടെ വ്യക്തമായ തെളിവാണ് ഇതെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ സൗദിയിലെ 'തിരുവനന്തപുരം പാസഞ്ചേഴ്സ് അസോസിയേഷൻ' സിവിൽ ഏവിയേഷൻ അതോറിറ്റിയായ 'ഗാക്ക' (GACA), വിവിധ സൗദി വിമാനക്കമ്പനികൾ എന്നിവരുമായി ചർച്ചകൾ നടത്തുകയും എംപിമാർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ യാതൊരുവിധ അനുകൂല തീരുമാനവും ഉണ്ടായിട്ടില്ല. വൈകും തോറും അത് പ്രവാസികൾക്ക് സൃഷ്ടിക്കുന്ന സാമ്പത്തിക സമയ നഷ്ടങ്ങളും അചിയന്തിര ഘട്ടങ്ങളിലെ മാനസിക പിരിമുറക്കവും ചെറുതല്ല.
വരും മാസങ്ങളിൽ യാത്രക്കാരുടെ തിരക്ക് വീണ്ടും വർധിക്കും. ഈ സാഹചര്യത്തിൽ, നേരിട്ടുള്ള സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തണം. ഇതിന് കേന്ദ്ര സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. ഇതിന് പരിഹാരം കാണാൻ മുഖ്യമന്ത്രിയും സജീവമായി ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
Adjust Story Font
16
