തീർഥാടകരെ കാക്കാൻ പുത്തൻ സാങ്കേതിക വിദ്യ; 24 മണിക്കൂറും സജ്ജമെന്ന് സിവിൽ ഡിഫൻസ് സേന
സ്മാർട്ട് സംവിധാനത്തിലൂടെയും സമഗ്രമായ ഫീൽഡ് പ്ലാനുകളിലൂടെയുമാണ് 24 മണിക്കൂറും സംരക്ഷണം ഉറപ്പാക്കുന്നത്

റിയാദ്: ഹജ്ജ് തീർഥാടകരുടെ സേവനത്തിനും സുരക്ഷക്കുമായി സിവിൽ ഡിഫൻസ് സേന തങ്ങളുടെ പ്രവർത്തന പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മദി. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന സ്മാർട്ട് സംവിധാനത്തിലൂടെയും സമഗ്രമായ ഫീൽഡ് പ്ലാനുകളിലൂടെയുമാണ് തീർഥാടകർക്ക് 24 മണിക്കൂറും സംരക്ഷണം ഉറപ്പാക്കുന്നത്.
മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും പ്രതിരോധ പ്രവർത്തനങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടകരുടെ താമസസ്ഥലങ്ങളും മറ്റ് കേന്ദ്രങ്ങളും സന്ദർശിച്ച് അഗ്നിശമന സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് സീസണിലുടനീളം പ്രതിരോധ മേൽനോട്ട സംഘങ്ങൾ പരിശോധനകൾ ശക്തമാക്കും. കമാൻ്റ് ആൻ്റ് കൺട്രോൾ സെന്റർ വഴിയാണ് എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നത്.
റോഡ് മാർഗമുള്ള പ്രവേശന കവാടങ്ങളിലും മക്കയിലേക്കുള്ള പ്രധാന പാതകളിലും പുണ്യസ്ഥലങ്ങളിലും പ്രത്യേക സീസണൽ ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും കേണൽ അൽ ഹമ്മദി കൂട്ടിച്ചേർത്തു. ആവശ്യമായ മനുഷ്യവിഭവശേഷിയും ആധുനിക യന്ത്രസാമഗ്രികളും നേരത്തെ തന്നെ സജ്ജമാക്കി കാര്യക്ഷമമായ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
തീർഥാടകരുടെ ചലനങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തന പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കമാൻ്റ് ആൻ്റ് കൺട്രോൾ സെന്റർ വഴിയാണ് ഫീൽഡ് പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നത്. നിരീക്ഷണ ക്യാമറകൾ വഴി സ്ഥിതിഗതികൾ വിശകലനം ചെയ്യുകയും വിവരങ്ങൾ അപ്പപ്പോൾ കമാൻ്റ് സെന്ററിലേക്കും ഫീൽഡ് ടീമുകളിലേക്കും കൈമാറുകയും ചെയ്യുന്നു.
മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. എമർജൻസി ഓപ്പറേഷൻസ് സെന്റർ വഴി തയ്യാറാക്കിയ പൊതു അടിയന്തിര പദ്ധതിയിൽ വിവിധ സർക്കാർ ഏജൻസികളുടെ ചുമതലകൾ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്. തീർഥാടകർക്ക് ഏറ്റവും ഉയർന്ന സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Adjust Story Font
16

