പരിസ്ഥിതി നിയമലംഘനം; ഖസീമിലെ കോഴി ഫാമിന് 5000 റിയാൽ പിഴ
മലിനജലവും പൗൾട്രി അവശിഷ്ടങ്ങളും പുറത്തേക്ക് തള്ളിയെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കുറ്റം

റിയാദ്: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിലെ കോഴി ഫാമിന് 5000 റിയാൽ പിഴ ചുമത്തി. അബ്ദുൽ അസീസ് അഹമ്മദ് അൽ-ഫലീയു എന്ന ഫാമിനാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. മലിനജലവും പൗൾട്രി അവശിഷ്ടങ്ങളും പുറത്തേക്ക് തള്ളിയെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കുറ്റം. പിഴക്ക് പുറമെ, പ്രദേശത്തെ നാശനഷ്ടങ്ങൾ പരിഹരിക്കാനും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് പ്രദേശം വൃത്തിയാക്കി പഴയപടിയാക്കാനും അധികൃതർ ഫാം ഉദ്യോഗസ്ഥരോട് കർശനമായി നിർദേശിച്ചിട്ടുണ്ട്.
ഫാമിലെ മലിനജലവും അവശിഷ്ടങ്ങളും നേരിട്ട് മണ്ണിലേക്ക് ഒഴുക്കിവിടുകയും ഇതിലൂടെ മണ്ണ് മലിനമായെന്നും പരിസ്ഥിതി നാശം സംഭവിച്ചെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. കോടതി വിധിയുടെ പകർപ്പ് നിയമലംഘനം നടത്തിയ സ്ഥാപനം സ്വന്തം ചെലവിൽ പരസ്യപ്പെടുത്തണം. പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുബോധം വളർത്തുന്നതിനുമാണ് കോടതിയുടെ ഈ നടപടി.
Adjust Story Font
16

